ഞാനും എന്റെ കോവിഡ് രോഗികളും

ഞാനും എന്റെ കോവിഡ് രോഗികളും

നഴ്സിംഗ്‌ പ്രൊഫഷൻ തെരഞ്ഞെടുത്തതിൽ ഏറെ അഭിമാനിക്കുന്ന ദിവസങ്ങൾ ആണ് കടന്നു പോയത് , പ്രത്യേകിച്ച് ഒരു " എമർജൻസി റൂം നേഴ്സ് " ആയതിൽ . എന്റെ മുന്പിൽ ഒരുപാടു രോഗികൾ വന്നു പോയിട്ടുണ്ട് . CPR , ഹാർട്ട് അറ്റാക്ക് , സ്ട്രോക്ക് തുടങ്ങി ഉറുമ്പു കടിച്ചതിന്റെ പേരിൽ ഹോസ്പിറ്റലിൽ വന്നവർ വരെ എന്റെ മുന്നിൽ വന്നു പോയിട്ടുണ്ട് . യഥാർത്ഥ രോഗികളായ എന്റെ രോഗികളോടു ഞാൻ എപ്പോഴും അനുകമ്പയും സ്നേഹവും കാണിച്ചിട്ടുണ്ട് . നല്ല ഒരു നഴ്സിംഗ്‌ കെയർ അവർക്കു കൊടുത്തിട്ടും ഉണ്ട്. എന്നാൽ അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേക സ്നേഹം ആണ് എന്റെ "കോവിഡ്" രോഗികളോട്‌ എനിക്ക് ഉള്ളത് .

കോവിഡ് രോഗികൾ വന്നു തുടങ്ങിയ ആദ്യ ആഴ്ചയിൽ തന്നെ ഞാൻ മനസ്സിലാക്കിയ ഒരു സത്യം ഉണ്ട് . അവരിൽ കുത്തി വെക്കേണ്ടത് മരുന്ന് അല്ല എന്ന് . അവരിൽ കുത്തി നിറക്കേണ്ടത് ആത്മവിശ്വാസവും പ്രത്യാശയും ആണ് എന്ന് . അവരുടെ കണ്ണുകളിലെ ആകുലതയും ഭയവും ഞാൻ ശ്രദ്ധിച്ചു . കൊറോണ വൈറസ് , രോഗത്തോടൊപ്പം കൊണ്ട് വരുന്ന ഏകാന്തതയും അതിനെക്കുറിച്ചുള്ള ഭയവും എല്ലാവരിലും ഞാൻ കണ്ടു . അവർ എമർജൻസി റൂമിൽ , ആംബുലൻസിൽ എന്റെ അടുത്ത് എത്തുമ്പോൾ നേഴ്സ് ആയ എന്റെ മുഖം അവർക്കു കാണൻ സാധിക്കില്ല , മുഖം മൂടി അണിഞ്ഞിരിക്കുകയല്ലേ? അതുകൊണ്ടു ,ആദ്യം തന്നെ ഞാൻ അവരോടു പറയും , " I know you cannot see my face but I am smiling at you “. അത് കേൾക്കുമ്പോൾ അവർ ചിരിക്കും . കാരണം അവർക്കും ആകാംഷ ഉണ്ട് , ഈ നേഴ്സ് എങ്ങിനെ ഉള്ളതാണ് എന്ന് അറിയാൻ .

മുഖഭാവം ആശയസംവേദനത്തിനുള്ള ഒരു പ്രധാന വഴി ആണ് . എന്നാൽ മാസ്ക് ആ സാധ്യത ഇല്ലാതാക്കി . അങ്ങനെ ഒരു ചെറിയ സംഭാഷണത്തിൽ തുടങ്ങി അവരെ ഒന്നു ശാന്തമാകും . അല്പം സംസാരിച്ചു കഴിയുമ്പോ ചിലർ കരയും . " ഞാൻ രക്ഷപ്പെടുമോ " എന്നുള്ള ചോദ്യങ്ങൾ . അവരിലെ നഷ്ടപ്പെട്ടുപോയ ആത്മധൈര്യം ഒന്ന് വീണ്ടെടുക്കാൻ ... കണ്ണുകളിലെ ആ ഉൽകണ്ഠ അല്പം ഒന്ന് കുറക്കാൻ ... പ്രിയപ്പെട്ടവർ കൂടെ ഇല്ലെങ്കിലും ഞങ്ങൾ ഇവിടെ ഉണ്ട് എന്ന് പറഞ്ഞു ധൈര്യം കൊടുക്കാൻ ... ഞങ്ങൾ ആണ് ഇനി മുതൽ നിങ്ങളുടെ കുടുംബം എന്ന് പറഞ്ഞു , അത് അവരെ വിശ്വസിപ്പിക്കാൻ ഒക്കെ ഉള്ള ശ്രമങ്ങൾ ആണ് ആദ്യത്തെ കുറച്ചു സമയം . അവരുടെ മനസ്സ് തണുക്കുന്നതു മോണിറ്ററിൽ നോക്കിയാൽ അറിയാം . മനസ്സ് ശാന്തമാകുന്നതനുസരിച്ചു മോണിറ്ററും ശാന്തമാകുന്നു .... ഹൃദയമിടിപ്പിന്റെ വേഗം കുറയുന്നു , രക്ത സമ്മർദം കുറയുന്നു , ശ്വാസഗതി സാവധാനത്തിൽ ആകുന്നു തുടങ്ങിയ മാറ്റങ്ങൾ . എമർജൻസി റൂമിൽ ഞങ്ങൾക്ക് ഒരു രോഗി അധികം നേരം കൂടെ ഉണ്ടാവില്ല , 3-4 മണിക്കൂർ മാത്രം . ഒന്നുകിൽ ഡിസ്ചാർജ് അല്ലെങ്കിൽ അഡ്മിഷൻ ഇനി അതും അല്ലെങ്കിൽ മരണം . എന്റെ രോഗി റൂം വിട്ടു പോകുമ്പോ, അവരിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കി വിടാൻ ശ്രമിക്കുന്നു .


ഹൃദയം നിറഞ്ഞ നന്ദിയുടെ വാക്കുകൾ ഒരുപാടു കിട്ടിയിട്ടുണ്ട് . അമ്മച്ചിമാരുടെ ഹൃദയം നിറഞ്ഞുള്ള അനുഗ്രഹങ്ങൾ ഏറെ ലഭിച്ചിട്ടുണ്ട് . " നിന്നെ ഒരിക്കലും മറക്കില്ല" എന്ന് പറഞ്ഞവർ . " നിന്നെ എവിടെ എങ്കിലും വചു കണ്ടാൽ എനിക്ക് നിന്റെ മുഖം കണ്ടു നിന്നെ തിരിച്ചറിയാൻ സാധിക്കില്ല പക്ഷെ നിന്റെ കണ്ണുകൾ കണ്ടാൽ ഞാൻ തിരിച്ചു അറിയും "( കാരണം അവർ ആകെകാണുന്നതു ഞങ്ങളുടെ കണ്ണുകൾ മാത്രം അല്ലെ?) എന്ന് പറഞ്ഞ എന്റെ രോഗികൾ . എന്നെയും മക്കളേയും ഭർത്താവിനെയും കുടുംബത്തെ മുഴുവൻ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചവർ .. എന്നും എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് പറഞ്ഞവർ ....ഇതൊക്കെ കൊണ്ടുവരുന്ന ആത്മ സംതൃപ്തി എവിടെ കിട്ടും ?? ഓരോ ദിവസവും തളർന്നു ഡ്യൂട്ടി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കൂട്ടിനു , എന്റെ ജോലി എനിക്ക് സമ്മാനിച്ച " ജോബ് സാറ്റിസ്ഫാക്ഷനും "ഒപ്പം ഉണ്ടാവും. എത്ര ശമ്പളം കൈപ്പറ്റിയാലും കിട്ടാത്ത ആ സംതൃപ്തി എനിക്ക് കൊണ്ടുവന്നത് എന്റെ കോവിഡ് രോഗികൾ ആണ് .

ഇനി ഇതിന്റെ അർഥം ജോലയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എന്നല്ല . ഉണ്ട് , ശാരീരികമായ ക്ഷീണം ,ചിലപ്പോൾ തോന്നുന്ന മാനസികമായ തളർച്ച ഒക്കെ ഉണ്ട് . എന്റെ മുൻപിൽ രോഗികൾ മരിക്കുന്നതു കണ്ടിട്ട് , വേദനയോടെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട് . ചിലപ്പോൾ ആ വേദനയും എന്റെ കൂടെ വീട്ടിലേക്കു പോരും . ഒരിക്കൽ പ്രായമായ ഒരു അപ്പച്ചനെ ഇന്റുബേറ്റ്‌ ചെയ്യും മുൻപ് , എന്റെ ഫോൺ എടുത്തു വീഡിയോ കാൾ ചെയ്തു അപ്പച്ചന്റെ ഭാര്യയെ കാണിച്ചു കൊടുത്തു . അന്ന് ആ അപ്പച്ചൻ കരഞ്ഞു . എനിക്ക് ഒത്തിരി നന്ദി പറഞ്ഞു രണ്ടു പേരും . എന്നാൽ അന്ന് ഞാൻ അത് ചെയ്തില്ലായിരുന്നു എങ്കിൽ , എന്നും അത് എന്നെ അലട്ടിയേനെ . കാരണം ആ അപ്പച്ചൻ പിന്നീട് വീട്ടിലേക്കു തിരിച്ചു പോയില്ല . ആ അമ്മച്ചി എന്നും ആ അവസാന വീഡിയോ കാൾ ഓർക്കും . അതിനു ഞാൻ കാരണം ആയതിൽ എനിക്ക് എത്ര സന്തോഷവും അഭിമാനവും ഉണ്ട് എന്ന് പറഞ്ഞറിയിക്കാൻ വയ്യ .

കോവിഡ് രോഗികളെ പരിചരിക്കുന്നത് കൊണ്ട് വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നിട്ടുണ്ട് . "അമ്മ എന്നാ വരുന്നത് " എന്ന് മക്കൾ ചോദിക്കുമ്പോള്‍ , വിഷമം തോന്നാറുണ്ട് . 12 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ ശരീരം

തളർന്നാണെങ്കിലും , ആ തളർച്ചയെ അതിജീവിക്കാൻ , വീണ്ടും തിരിച്ചു ജോലിയിൽ വരാൻ , പ്രചോദനവും മനസ്സിന് ശക്തിയും കിട്ടുന്നത് എന്റെ കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ കൂടി കിട്ടുന്ന ആത്മ സംതൃപ്തി ആണ് .

ഞാൻ അഭിമാനിക്കുന്നു , അങ്ങേയറ്റം ഒരു "Emergency Nurse” ആയിരിക്കുന്നതിലും ,ഒപ്പം ഈ ലോക മഹാമാരിക്കെതിരെ ഉള്ള പോരാട്ടത്തിൽ ഒരു ഭാഗം അകാൻ കഴിഞ്ഞതിലും !

ഓരോ കോവിഡ് രോഗികളുംഎമർജൻസി റൂമിൽ നിന്ന് പോകുമ്പോൾ ഞാൻ അവർ കിടന്നിരുന്ന റൂമിന്റെ ഒരു ഫോട്ടോ എടുത്ത് വയ്ക്കും വെറുതെ ഓർക്കാൻ ..

സിസിലി ജോൺ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.