'ശൈലജയുടെ കാലത്ത് വ്യവസ്ഥകള്‍ ഒഴിവാക്കി സ്വകാര്യ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്'; സുപ്രീം കോടതിയില്‍ സത്യവാങ്മൂലവുമായി സംസ്ഥാന സര്‍ക്കാര്‍

'ശൈലജയുടെ കാലത്ത് വ്യവസ്ഥകള്‍ ഒഴിവാക്കി സ്വകാര്യ മെഡിക്കല്‍ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്'; സുപ്രീം കോടതിയില്‍ സത്യവാങ്മൂലവുമായി സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കെ.കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ പാലക്കാട് ചെര്‍പ്പുളശേരിയിലെ സ്വാശ്രയ മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍(ഇ.സി.) നിന്ന് രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയിരുന്നുവെന്ന് കേരളം.

പാലക്കാട് ചെര്‍പ്പുളശേരിയിലെ കേരള മെഡിക്കല്‍ കോളജിന് പരിശോധന നടത്താതെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ സംബന്ധിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയതെന്ന് സംസ്ഥാന നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി കോടതിയില്‍ വ്യക്തമാക്കിയത്.

ദേശീയ മെഡിക്കല്‍ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മെഡിക്കല്‍ കോളജ് വീഴ്ച വരുത്തിയാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട ഉറപ്പ് സംബന്ധിച്ച് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത്. കൂടാതെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള ന്യായീകരണം എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടതാണ്.

എന്നാല്‍ റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കേരള മെഡിക്കല്‍ കോളജിന് നല്‍കിയ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ ഈ വ്യവസ്ഥയും ഒഴിവാക്കിയിരുന്നുവെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയെങ്കിലും കോളജ് ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിയുടെ സമയത്ത് വൈറസ് ബാധിതരെ ചികിസിക്കുന്ന സെന്ററായി ചെര്‍പ്പുളശേരിയിലെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് കോളജിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സംസ്ഥാന ആരോഗ്യ സര്‍വകലാശാലയും നിര്‍ദേശിച്ച എല്ലാ പോരായ്മകളും നീക്കിയാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത് എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

2016-17 അധ്യയന വര്‍ഷത്തിലാണ് ചേര്‍പ്പിളശേരിയിലെ കേരള മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചത്. 150 വിദ്യാര്‍ഥികള്‍ ആയിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ആരോഗ്യ സര്‍വകലാശാലയും നടത്തിയ പരിശോധനയില്‍ കോളജിന് അടിസ്ഥാന സൗകര്യം ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ കോളജില്‍ രണ്ടുവര്‍ഷത്തേക്ക് എം.ബി.ബി.എസ് പ്രവേശനം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 149 വിദ്യാര്‍ഥികളെ സംസ്ഥാനത്തെ മറ്റ് ഒന്‍പത് സ്വാശ്രയ കോളജുകളിലേക്ക് മാറ്റിയിരുന്നു.
വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ കോഴ്സ് പുനരാരംഭിക്കാനായി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിന് കോളജ് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കി. പിന്നീട് പരിശോധന പോലും നടത്താതെ കോളജിന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് അവഗണിച്ച് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കാന്‍ ഇടപെട്ടതിന്റെ രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേരള മെഡിക്കല്‍ കോളജിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കിയത് സംബന്ധിച്ച വിശദീകരണം തേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.