മോചനദ്രവ്യം നല്‍കിയില്ല; മെഡിബാങ്കിന്റെ ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ സമ്പൂര്‍ണ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഡാര്‍ക്ക് വെബ്ബിലൂടെ പുറത്തുവിട്ട് ഹാക്കര്‍മാര്‍

മോചനദ്രവ്യം നല്‍കിയില്ല; മെഡിബാങ്കിന്റെ ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ സമ്പൂര്‍ണ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഡാര്‍ക്ക് വെബ്ബിലൂടെ പുറത്തുവിട്ട് ഹാക്കര്‍മാര്‍

സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ മെഡിബാങ്കിന്റെ ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ അടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബിലൂടെ പുറത്തുവിട്ടതായി കമ്പനി.

ഉപയോക്താക്കളുടെ മാനസികാരോഗ്യം, മദ്യത്തിന്റെ ഉപയോഗം, വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത രോഗങ്ങള്‍ എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പോലും പുറത്തായ ഡേറ്റയിലുണ്ട്. ഇത്തരം അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കള്‍.

കമ്പനിക്കു നേരേ നടന്ന സൈബര്‍ ആക്രമണത്തിലൂടെയാണ് മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ രേഖകള്‍ മുഴുവന്‍ ചോര്‍ന്നത്. ഒക്ടോബര്‍ 13-നാണ് മെഡികെയര്‍ കമ്പനി അധികൃതര്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. റഷ്യന്‍ ഹാക്കര്‍ക്കാര്‍ ചോര്‍ത്തിയ ഡാറ്റയുടെ സാമ്പിളാണ് ആദ്യം ഡാര്‍ക്ക് വെബില്‍ അപ്ലോഡ് ചെയ്തത്. ഉപയോക്താക്കളുടെ പേരുകള്‍, വിലാസം, ജനനത്തീയതി, ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസം, മെഡികെയര്‍ നമ്പറുകള്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍, മെഡിക്ലെയിം സംബന്ധമായ വിവരങ്ങള്‍ എന്നിവയാണ് അന്ന് പുറത്തുവിട്ടത്. തുടര്‍ന്ന് 1,469 ഉപയോക്താക്കളുടെ മെഡിക്കല്‍ റെക്കോര്‍ഡുകളും പുറത്തുവിട്ടു.

ഹാക്കര്‍മാര്‍ വന്‍ തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ മെഡിബാങ്ക് നല്‍കിയില്ല. ഇതിനു പ്രതികാരമെന്നോണമാണ് ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ അധോലോകമെന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലൂടെ വെളിപ്പെടുത്തിയത്. പത്തു ലക്ഷത്തോളം ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്.

ഹാക്കര്‍മാര്‍ ഉപയോഗിച്ചതായി സൈബര്‍ വിദഗ്ധര്‍ കരുതുന്ന ബ്ലോഗില്‍ 'കേസ് അവസാനിപ്പിച്ചു' എന്ന സന്ദേശത്തോടെയാണ് മെഡിക്കല്‍ വിവരങ്ങളടങ്ങിയ ഫയല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അഞ്ചു ജിബിയുള്ള ഫയലിലാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മാത്രമേ ഡാര്‍ക്ക് വെബില്‍ പ്രവേശിക്കാനാകൂ.

മെഡിബാങ്ക് സൈബര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യ ആസ്ഥാനമായുള്ള ഹാക്കര്‍മാരാണെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള 10 ദശലക്ഷത്തോളം ഉപഭോക്താക്കളുടെയും മുന്‍ ഉപഭോക്താക്കളുടെയും വിവരങ്ങളാണ് ചോര്‍ത്തിയത്. അതേസമയം ഹാക്കര്‍മാര്‍ ചോര്‍ത്തിയ വ്യക്തിഗത വിശദാംശങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് പര്യാപ്തമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.

സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഓസ്ട്രേലിയക്ക് വലിയ തലവേദനയാണു സൃഷ്ടിക്കുന്നത്. സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഒപ്റ്റസ് ഉള്‍പ്പെടെ കുറഞ്ഞത് എട്ട് കമ്പനികളെങ്കിലും സെപ്റ്റംബര്‍ മുതലുള്ള കാലയളവില്‍ സൈബര്‍ ആക്രമണത്തിനിരയായിട്ടുണ്ട്.

സൈബര്‍ ആക്രമണം തടയാന്‍ വേണ്ടത്ര വിദഗ്ധരില്ലാത്തതിനാല്‍ ഓസ്ട്രേലിയ ഹാക്കര്‍മാരുടെ ലക്ഷ്യമായി മാറിയെന്ന് ഈ മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26