ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ന്യൂയോർക്കും സിംഗപ്പൂരും; ചെലവ് കുറച്ച് ജീവിക്കാൻ ഡമാസ്‌കസും ട്രിപ്പോളിയും; പട്ടിക പുറത്ത് വിട്ട് ഇക്കണോമിസ്റ്റ് മാസിക

ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ന്യൂയോർക്കും സിംഗപ്പൂരും; ചെലവ് കുറച്ച് ജീവിക്കാൻ ഡമാസ്‌കസും ട്രിപ്പോളിയും; പട്ടിക പുറത്ത് വിട്ട് ഇക്കണോമിസ്റ്റ് മാസിക

ലണ്ടൻ: ലോകത്തിലെ ഏറ്റവും ജീവിത ചെലവേറിയ നഗരങ്ങളെക്കുറിച്ച് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) നടത്തിയ 2022 ലെ വാർഷിക പട്ടികയിൽ മുൻപിലെത്തി ന്യൂയോർക്കും സിംഗപ്പൂരും. കുതിച്ചുയരുന്ന ഊർജ വില പ്രധാന നഗരങ്ങളിലുടനീളമുള്ള പണപ്പെരുപ്പ നിരക്ക് ഇരട്ടിയാക്കിയതോടെയാണ് ഇരുനഗരങ്ങളും ചെലവേറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയത്.

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന ഇസ്രയേലിയൻ നഗരമായ ടെൽ അവീവ് മൂന്നാം സ്ഥാനത്തായി. ചൈനയിലെ ഹോങ്കോങ്ങും അമേരിക്കയിലെ ലോസ് ആഞ്ചലസും ഏറ്റവും ചെലവേറിയ നാലാമത്തെ നഗരങ്ങളാണ്. സ്വിറ്റ്‌സർലൻഡ് നഗരങ്ങളായ സൂറിച്ചും ജനീവയും ആറും ഏഴും സ്ഥാനങ്ങളിലാണ്.

സാൻ ഫ്രാൻസിസ്കോ, പാരീസ് എന്നീ നഗരങ്ങൾ എട്ടും ഒൻപതും സ്ഥാനങ്ങളിലെത്തിയപ്പോൾ ഡെൻമാർക്ക്‌ നഗരമായ കോപ്പൻഹേഗനും ഓസ്‌ട്രേലിയൻ തലസ്ഥാനമായ സിഡ്‌നിയും പത്താം സ്ഥാനം പങ്കിട്ടു. സിറിയയിലെ ഡമാസ്‌കസും ലിബിയയിലെ ട്രിപ്പോളിയുമാണ് ജീവിതച്ചിലവ് ഏറ്റവും കുറവുള്ള നഗരങ്ങളെന്നും സർവേ കണ്ടെത്തി.

റഷ്യയിലെ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്‌ബെർഗും റാങ്കിംഗിൽ 88 ആം സ്ഥാനത്താണ്. റഷ്യക്ക് മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും വർധിച്ച ബോയൻറ്റ് ഓയിൽ വിലയുമാണ് ഈ നഗരങ്ങളിലെ ജീവിത ചിലവ് കൂടാൻ കാരണങ്ങളിൽ ഇക്കണോമിസ്റ്റ് മാസികയുടെ ഗവേഷണ വിഭാഗമായ ഇഐയുവിന്റെ വേൾഡ് വൈഡ് ലിവിംഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.


സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിനെ സർവേയിൽ ഉൾപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തിൽ ഈ വർഷം 132 ശതമാനം വില വർദ്ധന ഉണ്ടായതോടെ 2019 ലെ അമിത പണപ്പെരുപ്പ നിരക്കായ 25,000 ശതമാനത്തിൽ കൂടുതൽ താഴ്ന്ന നിലയിലാണ്.

കൂടാതെ പ്രാദേശിക കറൻസിയിൽ ഉണ്ടായ 8.1 ശതമാനം എന്ന ശരാശരി പണപ്പെരുപ്പ നിരക്ക് രണ്ട് ദശാബ്ദത്തിലേറെ നീണ്ട സർവേകളിലെ ഏറ്റവും ഉയർന്നതാണ്. 2020 ൽ 1.9 ശതമാനവും കഴിഞ്ഞ വർഷം 3.5 ശതമാനവുമായിരുന്നു പ്രാദേശിക കറൻസിയിൽ ഉണ്ടായ ശരാശരി പണപ്പെരുപ്പ നിരക്ക്.
ഇരുനൂറിലധികം ഉൽപ്പന്നങ്ങളും സേവനങ്ങളും താരതമ്യപ്പെടുത്തികൊണ്ടുള്ള സർവേയിൽ 172 നഗരങ്ങളാണ് പങ്കെടുത്തത്. ഈ നഗരങ്ങളിലെ കറൻസിയുടെ മൂല്യം റാങ്കിംഗ് തിട്ടപ്പെടുത്തുന്നതിൽ ഒരു പ്രധാന ഘടകമായിരുന്നു.

ഡോളർ മൂല്യം ഉയർന്നത് കാരണം ഒട്ടേറെ അമേരിക്കൻ നഗരങ്ങൾ റാങ്കിംഗിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തി. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുകയും വരാനിരിക്കുന്ന കൂടുതൽ വർദ്ധനവിന്റെ സൂചനകൾ നൽകുകയും ചെയ്തതോടെ മിക്കവാറും എല്ലാ കറൻസികൾക്കും എതിരെ അമേരിക്കൻ ഡോളറിന്റെ മൂല്യം കുത്തനെ ഉയർന്നിരുന്നു.

അതേസമയം ഊർജ പ്രതിസന്ധിയും ദുർബലമായ സമ്പദ്‌വ്യവസ്ഥയും മൂലം യൂറോയുടെയും മറ്റ് പ്രാദേശിക കറൻസികളുടെയും മൂല്യം താഴേക്ക് പോയതിനാൽ മിക്ക യൂറോപ്യൻ നഗരങ്ങളും പട്ടികയിൽ താഴ്ന്ന സ്ഥാനങ്ങളിൽ എത്തി.

ജപ്പാനിലെ ടോക്കിയോയും ഒസാക്കയും കഴിഞ്ഞവർഷം ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ 13 ഉം 10 ഉം സ്ഥാനങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രാജ്യത്തെ കറൻസിയുടെ മൂല്യം ഇടിഞ്ഞത് മൂലം ഇത്തവണ ഈ നഗരങ്ങൾ യഥാക്രമം 37 ഉം 43 ഉം സ്ഥാനങ്ങളിലേക്ക് താഴ്ന്നു. സ്വീഡനിലെ സ്റ്റോക്ക്ഹോമും യൂറോപ്യൻ രാജ്യമായ ലക്സംബർഗും 38 ആം സ്ഥാനം നഷ്ടപ്പെട്ട് 99 ലും 104 ലും എത്തി.

സർവേയിൽ പങ്കെടുത്ത മൂന്ന് ബ്രിട്ടീഷ് നഗരങ്ങളും റാങ്കിംഗിൽ നിന്ന് താഴേക്ക് പോയി. ലണ്ടൻ 2021 ലെ ഏഴാം സ്ഥാനത്ത് നിന്ന് 28 ആം സ്ഥാനത്ത് എത്തി. എഡിൻബർഗ് 27 ൽ നിന്ന് 46 ആം സ്ഥാനത്തും മാഞ്ചസ്റ്റർ കഴിഞ്ഞ വർഷത്തെ 41ആം സ്ഥാനത്ത് നിന്ന് 73 ലേക്കും കൂപ്പ്കുത്തി.

ഓസ്‌ട്രേലിയൻ നഗരങ്ങൾ പൊതുവെ റാങ്കിംഗിൽ മുന്നിലെത്തി. തലസ്ഥാന നഗരം കഴിഞ്ഞ വർഷത്തെ 14 ആം സ്ഥാനത്ത് നിന്ന് 2022 ൽ പത്താം സ്ഥാനത്തേക്ക് ഉയർന്നു. മെൽബൺ 16 ൽ നിന്ന് 15 ആം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ബ്രിസ്‌ബേൻ 36 ൽ നിന്ന് 32 ആം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം പെർത്ത് ഈ പ്രവണതയെ മറികടന്ന് രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 73 ആം സ്ഥാനത്തെത്തി.

ഉക്രെയ്നിലെ യുദ്ധം, റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം, ചൈനയുടെ സീറോ-കോവിഡ് നയങ്ങൾ എന്നിവ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾക്ക് കാരണമായി. ഇത് വർദ്ധിച്ചുവരുന്ന പലിശ നിരക്കുകൾക്കും വിനിമയ നിരക്കിലെ മാറ്റങ്ങൾക്കും വഴിവെച്ചു. ഇതേ തുടർന്നാണ് ലോകമെമ്പാടുമുള്ള ജീവിതച്ചെലവ് വർധിച്ചതെന്ന് ഇഐയു വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ എണ്ണ, വാതകം, മറ്റ് ഊർജ്ജ വിലകൾ എന്നിവയിൽ കൂടുതൽ കുതിച്ചുചാട്ടത്തിന് കാരണമായി. വർദ്ധിച്ചുവരുന്ന പെട്രോൾ വില ഉയർന്ന പണപ്പെരുപ്പത്തിന് വഴിവെച്ചു. നിലവിൽ പലയിടത്തും ഒരു ലിറ്റർ ഇന്ധനത്തിന് ഒരു വർഷം മുമ്പുള്ളതിനേക്കാൾ പ്രാദേശിക കറൻസിയിൽ ശരാശരി 22 ശതമാനം വില കൂടുതലാണ്.

പടിഞ്ഞാറൻ യൂറോപ്യൻ നഗരങ്ങളിൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില 29 ശതമാനം കൂടുതലാണ്. അതേസമയം ഇപ്പോൾ സമ്മർദങ്ങൾ മൂലം ഉയർന്ന പലിശനിരക്കുകൾ ഇല്ലാതാകുകയും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കുറഞ്ഞുവരികയും ചെയ്യുന്നതിനാൽ 2023 ൽ ചെലവ് വർദ്ധന ലഘൂകരിക്കപ്പെടുമെന്ന് ഇഐയു പ്രവചിക്കുന്നു. സീറോ-കോവിഡ് നയം ഇല്ലാതായാൽ ചൈന ഒരു വൈൽഡ് കാർഡായി തുടരാമെന്നും ഇഐയു പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.