കുറവുകളുടെ നിറവ്

 കുറവുകളുടെ നിറവ്

'എന്നുയിര്‍തീയില്‍ സ്വയം പൊരിഞ്ഞ് ഞാനാക്കുഞ്ഞിന്‍-
മുന്നിലിന്നൊരു റൊട്ടിത്തുണ്ടമായി പതിച്ചെങ്കില്‍'


വിശന്നു പൊരിയുന്ന ഒരു കുഞ്ഞിനെ കാണുമ്പോള്‍ അവന്റെ മുന്നില്‍ ഒരു വിശിഷ്ട ഭോജ്യമായി സ്വയം പകുത്തു നല്‍കാനുള്ള കവി ഒ.എന്‍.വിയുടെ ഈ പ്രാര്‍ത്ഥന ഭൂതദയയുടെ തിരയിളക്കം ഉള്ളിലിരമ്പുന്ന എല്ലാ മനുഷ്യന്റെയും നെടുവീര്‍പ്പാണ്. ഇല്ലാത്തവന്റെ ഇല്ലായ്മകളില്‍ സ്‌നേഹ കര്‍മ്മങ്ങളുടെ തേനൊഴിച്ചു നിറയ്ക്കുവാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഡിസംബര്‍ 3, ലോക വികലാംഗദിനം.

വൈകല്യങ്ങളില്ലാത്ത മനുഷ്യരില്ല. മാനുഷിക വൈകല്യങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. 1. ശാരീരികം (Somatic), 2 ബൗദ്ധികം (intellectual), 3, മാനസികം (Mental),

ശാരീരിക വൈകല്യങ്ങള്‍ (somatic syndroms) ജന്മനാ ഉണ്ടാകുന്നുണ്ട്, രോഗബാധമൂലവും അപകടങ്ങള്‍മൂലവും സംഭവിക്കുന്നുണ്ട്. ബൗദ്ധികമായ വൈകല്യങ്ങള്‍ (Organic affective disor ders) മുഴുവനും തന്നെ ജനിതകമായും ഗര്‍ഭാവസ്ഥയിലും ഉണ്ടാകുന്ന വികലതകളുടെ അടയാളങ്ങളാണ്. 'ബുദ്ധിമാന്ദ്യം എന്നത് സ്വഭാവിക കഴിവുകളുടെ അഭാവം എന്നതിനേക്കാള്‍ വ്യത്യസ്തമായ കഴിവുകളുടെ വാതിലാണ്' എന്ന ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കേണ്ടതാണ്. മാനസിക വൈകല്യങ്ങള്‍ (Psychiatric disorders) സാഹചര്യങ്ങളുടെ സമ്മര്‍ദ സൃഷ്ടിയാണ്. മനോരോഗങ്ങളും സ്വയം തെരഞ്ഞെടുക്കുന്ന ദുശ്ശീലങ്ങളും അക്രമവാസനകളും മാനസിക വൈകല്യങ്ങള്‍ തന്നെയാണ്.

ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങള്‍ ഒരു വ്യക്തിയുടെ ചലനാത്മകതയ്ക്കും ആത്മ സംതൃപ്തിക്കുമാണ് തടസമാകുന്നത്. അതു പലപ്പോഴും വ്യക്തിപരവും കുടുംബപരവുമായ സാഹചര്യങ്ങളിലൊതുങ്ങുന്നു. എന്നാല്‍ മാനസിക വൈകല്യമുള്ള ഒരു വ്യക്തി ഒരു സമൂഹത്തിന്റെ ചലനാത്മകതയ്ക്കാണു തടസമാകുന്നത്.

സമൂഹത്തിന്റെ നന്മയ്ക്കു തടസമാകുന്ന ദുശീലങ്ങള്‍ നന്മകളും കഴിവുകളുമാണെന്നു തെറ്റി ധരിപ്പിക്കുന്ന മദ്യ മയക്കുമരുന്നു മാഫിയയും നാടിന്റെ നെഞ്ചടിപ്പിനു നേരെ നിറയൊഴിക്കുന്ന തീവ്രവാദവും അയല്‍ക്കാരനെ ശത്രുതയുടെ തുറുങ്കലില്‍ പൂട്ടുന്ന വര്‍ഗീയ വാദവും വിവിധ ത്തിലുള്ള മാനസിക വൈകൃതങ്ങള്‍ ബാധിച്ചവരുടെ കബന്ധ നര്‍ത്തനം മാത്രമാണ്. ഇത്തരം മാനസിക രോഗികളെ അടിച്ചമര്‍ത്തി സാമൂഹിക തിന്മകളെ ഇല്ലായ്മ ചെയ്യാന്‍ പ്രതിജ്ഞ ചെയ്യുമ്പോള്‍ തന്നെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങള്‍ ബാധിച്ചവരോടുള്ള നമ്മുടെ മനോഭാവം തിരിച്ചറിയാനുള്ള ദിവസം കൂടിയാണ് ലോക വികലാംഗ ദിനം.

സ്വന്തം കാര്യങ്ങള്‍ തനിച്ചു ചെയ്യാനാവാത്തവര്‍, എല്ലാ കഴിവുകളും ഉണ്ടായിരുന്നിട്ടും മനസു നിറയെ വര്‍ണ സ്വപ്നങ്ങള്‍ മൊട്ടിട്ടിട്ടും ഒന്നും പൂവണിയിക്കാന്‍ കഴിയാത്തവര്‍, എന്നെപ്പോലെ നടക്കാനും ഓടാനും പഠിക്കാനും ജോലി ചെയ്യാനുമാവാത്തവര്‍ സ്വന്തം കൈകൊണ്ട് ഒരുരുള ചോറു പോലും കഴിക്കാനാവാത്തവര്‍... അവരുടെ കുറവുകളില്‍ എന്റെ കഴിവുകള്‍ കൊണ്ടു ഞാന്‍ നിറവു കരണം. ജീവിക്കാനും അതിജീവിക്കാനുമുള്ള അവകാശങ്ങള്‍ അവര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അവര്‍ക്കില്ലാത്ത കഴിവുകള്‍ ദൈവം എനിക്കു നല്‍കിയിരിക്കുന്നത് എന്റെ കഴിവുകള്‍ കൊണ്ട് അവരും ജീവിക്കേണ്ടതിനാണ് എന്ന തിരിച്ചറിവ് ഈ വികലാംഗ ദിനത്തിന്റെ മധുര സന്ദേശമാണ്.

എത്ര വൈകല്യങ്ങളുണ്ടായിട്ടും അപാരമായ ആത്മവിശ്വാസവും അപ്രതിരോധ്യമായ ലക്ഷ്യബോധവും കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്തിയ ഹെലന്‍ കെല്ലറും മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരക രോഗം ബാധിച്ച് ശരീരം മുഴുവന്‍ തളര്‍ന്ന് നനഞ്ഞ തലയിണ പോലെ കിടന്നിട്ടും ഊര്‍ജ തന്ത്രത്തില്‍ അനേകം കണ്ടുപിടിത്തങ്ങള്‍ നടത്തിയ ലോക പ്രശസ്ത ശാസ്ത്ര ജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിന്‍സും തളര്‍ന്ന ശരീരവുമായി സാക്ഷരതാമിഷന്‍ നടത്തുന്ന കേരളത്തിലെ റാബിയയും കൈകാലുകളുടെ വൈകല്യങ്ങളെ അതിജീവിച്ചു കൊണ്ട് സംഗീതവും പഠനവും ഫുട്‌ബോളും തനിക്കു വഴങ്ങുമെന്നു തെളിയിച്ച് മുണ്ടക്കയും തേനമാക്കല്‍ സെബിക്കുട്ടനും... ഇങ്ങനെയൊത്തിരിയൊത്തിരിപ്പേര്‍ നാം ആദരവോടെ സ്മരിക്കേണ്ട ജീവിത സാക്ഷികളാണ്. നമുക്കു കഴിവുകള്‍ പങ്കുവയ്ക്കാം. കുറവുകള്‍ നിറവുകളാക്കാം. സാഹോദര്യത്തിന്റെ അര്‍ഥം സ്‌നേഹം കൊണ്ടെഴുതാം,

ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.