മെല്‍ബണ്‍: നമ്മുടെ ആത്മീയവും സാംസ്‌കാരികവുമായ വ്യക്തിത്വത്തെ തിരിച്ചറിയാന്‍ വേരുകളിലേക്കു മടങ്ങാന്‍ സിറോ മലബാര്‍ സഭയിലെ യുവജനങ്ങള്‍ക്കു കഴിയണമെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. വേരുകളില്ലാത്തവന്‍ ഫലം നല്‍കില്ല. സഭയുടെ വേരുകള്‍ തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ കത്തോലിക്കന്‍ എന്ന നിലയിലുള്ള നമ്മുടെ വ്യക്തിത്വവും നാം എത്രത്തോളം അനുഗ്രഹിക്കപ്പെട്ടവരുമാണെന്നു മനസിലാക്കാന്‍ കഴിയൂ എന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മെല്‍ബണില്‍ സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനമായ 'യുണൈറ്റ് 2022'-ല്‍ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
നമ്മുടെ കത്തോലിക്ക വിശ്വാസത്തെ അനുഭവിച്ചറിയാനും സിറോ മലബാര്‍ സഭാ വിശ്വാസി എന്ന നിലയില്‍ തങ്ങളുടെ സ്വത്വം മനസിലാക്കാനുമാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. സുവിശേഷ പ്രഘോഷണത്തിനായി തോമസ് അപ്പോസ്‌തോലനെ യേശു ഇന്ത്യയിലേക്ക് അയച്ചു. യേശു നമ്മെ ഓസ്‌ട്രേലിയയില്‍ എത്തിച്ചതും ഒരു മിഷനു വേണ്ടിയാണ്. അതു തിരിച്ചറിയണം. മാര്‍ തോമസ് പാറേമ്മാക്കലിന്റെ പ്രസിദ്ധമായ യാത്രാവിവരണം 'വര്‍ത്തമാനപുസ്തകം' ഉദ്ധരിച്ചുകൊണ്ടായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.
സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനമായ 'യുണൈറ്റ് 2022'-ല്‍ പ്ലീനറി സെഷനില്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ സംസാരിക്കുന്നു.
ക്രിസ്ത്യാനിയായിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മതപരമായും മാനസികമായും ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെടുകയാണ്. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ കാലഹരണപ്പെട്ടതായി പ്രചരിപ്പിക്കുന്നു. രണ്ടു രാജ്യങ്ങളിലെ സാംസ്‌കാരികമായുള്ള വെല്ലുവിളികളും യുവജനങ്ങള്‍ നേരിടുന്നു. ഈ വെല്ലുവിളികളെ നാം അതിജീവിക്കണം.
18 വയസായ യുവജനങ്ങള്‍ പള്ളി യോഗം നടപടിക്രമങ്ങളില്‍ പങ്കെടുക്കണമെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ജൂണില്‍ റോമില്‍ നടന്ന സിറോ മലബാര്‍ യുവജനങ്ങളുടെ പ്രഥമ നേതൃസംഗമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ ബിഷപ്പ് യുവജനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു.
'ഇത് മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികമാണ്. 'എന്റെ കര്‍ത്താവേ എന്റെ ദൈവമേ' എന്ന് ഉത്ഥിതനായ കര്‍ത്താവിന്റെ മുന്‍പില്‍ ഏറ്റുപറഞ്ഞ വിശുദ്ധ തോമസിന്റെ വാക്കുകള്‍ക്ക് പിന്നില്‍ യേശുവിനോടുള്ള ആഴത്തിലുള്ള സ്‌നേഹമുണ്ട്. എല്ലാ യുവജനങ്ങള്‍ക്കും ഒരുമിച്ചു ചേരാന്‍ കഴിയുന്ന പൊതുവായ കാര്യമുണ്ട്. യേശു വെളിപ്പെടുത്തുന്ന മനോഹരവും അഗാധവുമായ അതുല്യവുമായ സ്‌നേഹത്തിനുള്ള ആഗ്രഹം. അതിനായി എല്ലാ യുവജനങ്ങളും ഒത്തുചേരണമെന്ന് മാര്‍പ്പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ച് ബിഷപ്പ് പറഞ്ഞു.
ക്രിസ്ത്യാനിറ്റി എന്നത് വിലക്കുകളുടെ ഒരു പരമ്പരയല്ല, മറിച്ച് എല്ലാ മനുഷ്യഹൃദയങ്ങള്‍ക്കും സംതൃപ്തി കൈവരുത്താന്‍ കഴിവുള്ള ഒരു ജീവിത പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായമായ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ബിഷപ്പ് ചോദിച്ചു. വയോധികരെ കാണുകയും അവരുടെ അനുഭവസമ്പത്തും ജ്ഞാനവും ആര്‍ജിക്കാന്‍ പരി. മാതാവിനെ പോലെ ശ്രമിക്കുകയും വേണം. നിങ്ങള്‍ സ്വപ്‌നങ്ങളിലേക്കു ചിറകുകള്‍ വിടര്‍ത്തുന്നതിന് മുമ്പ് വേരുകളിലേക്കു മടങ്ങണമെന്നും നിങ്ങള്‍ക്ക് മുമ്പ് പോയവരെ ശ്രദ്ധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ ഓര്‍മിപ്പിച്ചു. പ്രാര്‍ത്ഥനയിലൂടെ ഒന്നിച്ച് മുന്നേറാം എന്നു പറഞ്ഞാണ് ബിഷപ്പ് പ്രഭാഷണം ഉപസംഹരിച്ചത്.
'യുണൈറ്റ് 2022' സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനത്തില്‍നിന്ന്
മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, റവ. ഡോ. സിജീഷ് പുല്ലന്‍കുന്നേല്‍, ഫാ. മാത്യൂ അരീപ്ലാക്കല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. കെവിന്‍ മുണ്ടയ്ക്കല്‍, ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ബൈജു തോമസ് എന്നിവര്‍ മൂന്നു ദിവസങ്ങളിലായി വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികരായി.
വിവിധ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകമായാണ് ശില്‍പശാലകള്‍ സംഘടിപ്പിച്ചത്. വിശുദ്ധ കുര്‍ബാനയെക്കുറിച്ചും സിറോ മലബാര്‍ സഭാ പാരമ്പര്യങ്ങളെക്കുറിച്ചും ഫാ. മാത്യൂ അരീപ്ലാക്കല്‍ വിശദമായി സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
രൂപതയുടെ കീഴിലുള്ള യൂത്ത് ബാന്‍ഡ് 'സോങ്സ് ഓഫ് സെറാഫിം', വിക്ടോറിയയില്‍നിന്നുള്ള വൈദികനും പ്രശസ്ത ഗായകനുമായ ഫാ. റോബ് ഗാലിയ, നിരവധി ക്രിസ്ത്യന്‍ സൂപ്പര്‍ഹിറ്റ് ഭക്തിഗാനങ്ങള്‍ രചിച്ച്, ശ്രുതിമധുരമായ ആലാപനത്തിലൂടെ ശ്രദ്ധ നേടിയ ഫാ. ബിനോജ് മുളവരിക്കല്‍, ടെക്സസില്‍നിന്നുള്ള കത്തോലിക്കാ റാപ്പറായ പ്രോഡിഗില്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗായികനും ഗാനരചയിതാവുമായ ട്രീസ റോയ് എന്നിവ നയിച്ച സംഗീതനിശ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വലിയ ആവേശം പകര്‍ന്നു.
മൂന്നാം ദിവസത്തിലേക്കു കടന്ന
സിറോ മലബാര്‍ യുവജന ദേശീയ സമ്മേളനത്തിന് ആവേശപൂര്‍ണമായ പ്രതികരണമാണ് ലഭിച്ചത്. പങ്കെടുത്ത യുവജനങ്ങള്‍ക്ക് ആത്മീയമായി മാനസികമായും നവോന്മേഷം പകരുന്നതായിരുന്നു മൂന്നു ദിവസങ്ങളിലായി നടന്ന ആരാധനകളും ക്ലാസുകളും.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അറുന്നൂറോളം സിറോ മലബാര്‍ യുവജനങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.