പഞ്ചാബ് നാഷണല്‍ ബാങ്കിലെ 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി; വ്യക്തികള്‍ക്കും പണം നഷ്ടപ്പെട്ടു

പഞ്ചാബ് നാഷണല്‍ ബാങ്കിലെ 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി; വ്യക്തികള്‍ക്കും പണം നഷ്ടപ്പെട്ടു

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത് 21.5 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്‍പത് സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നും എട്ട് കോര്‍പ്പറേഷന്‍ അക്കൗണ്ടുകളില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.

ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുവരെ നടന്ന പരിശോധനയില്‍ 12 കോടി 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സ്വകാര്യ വ്യക്തിയുടെ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രേഖകളില്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണ്. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും.

തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്റെ പരാതി. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരും.

അതേസമയം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഭവനില്‍ പ്രതിഷേധിച്ച 10 പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിതയ്‌ക്കെതിരെയും കേസെടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങി വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.

മേയര്‍ ഭവനില്‍ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയര്‍ പറഞ്ഞു. വീട്ടിനകത്ത് ബെഡ്‌റൂമില്‍ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവര്‍ത്തി ആണ് യുഡിഎഫ് കൗണ്‍സിലാര്‍മാരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാല്‍ കരുതിക്കൂട്ടി വന്നതാണെന്നും മേയര്‍ പറഞ്ഞു.

നിയമപരമായി തന്നെ മുന്നോട്ട് പോകും. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരായ സമരത്തില്‍ ഒന്നിച്ച് നീങ്ങണം. യുഡിഎഫ് ഉണ്ടെങ്കില്‍ അവരും വരണം. എല്‍ഡിഎഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. രണ്ടു ദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്. പൂര്‍ണ്ണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിങ് പൂര്‍ത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച പണം തന്നില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ പ്രത്യക്ഷ സമരം നടത്തും. ബാങ്ക് ശാഖകള്‍ ഉപരോധിക്കും. സമരത്തിന് യുഡിഎഫും ബിജെപിയും വന്നാല്‍ അവരെയും ഉള്‍ക്കൊള്ളിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ പ്രതി എം.പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ല കോടതി പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.