തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കി.
വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. മല്ലപ്പള്ളി പ്രസംഗത്തില്‍ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകള്‍ പ്രകാരമാണോ കേസെടുത്തത്. അതു തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നല്‍കും. അതേസമയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചാലും കേസില്‍ നിയമപ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. അന്വേഷണം നിര്‍ത്തലാക്കിയ പൊലീസ് തീരുമാനം ചോദ്യം ചെയ്ത് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. സിബിഐ പോലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.
അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് വലിയ രാഷ്ട്രീയ മാനമാണുള്ളത്. സജി ചെറിയാന്‍ രാജിവെച്ചപ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്കായാണ് വിഭജിച്ച് നല്‍കിയത്. അദ്ദേഹത്തിന് പകരമാരും മന്ത്രിസഭയിലേക്ക് വന്നിട്ടില്ല എന്നതിനാല്‍ അദ്ദേഹം കേസ് തീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് എത്തും എന്ന അഭ്യൂഹവും ശക്തിപ്പെടുകയാണ്.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ തന്നെ എംഎല്‍എ സ്ഥാനം കൂടി സജി രാജിവയ്ക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സജി എംഎല്‍എയായി തുടരട്ടെ എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
ഈ വര്‍ഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ച് സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗത്തില്‍, ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയില്‍ ഉണ്ടായിരുന്നതെന്നു മായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു മന്ത്രിയുടെ ഈ വിവാദ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.