യേശുവിനെപോലെ നമുക്കും സ്വയം ചെറുതാകാം; ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

യേശുവിനെപോലെ നമുക്കും സ്വയം ചെറുതാകാം; ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഈ വർഷത്തെ ക്രിസ്മസ് ട്രീയും പുൽക്കൂടും സമ്മാനിച്ച സുട്രിയോ, റോസെല്ലോ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. ദൈവത്തെ കണ്ടുമുട്ടാൻ, അവൻ എവിടെയാണോ അവിടെ എത്തണം. കാലിത്തൊഴുത്തിൽ ജനിച്ച് യേശു ചെയ്തതുപോലെ നാം സ്വയം ചെറുതാകണമെന്നും പ്രതിനിധികളെ സ്വീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

ക്രിസ്മസ് ട്രീയുടെയും പുൽക്കൂടിന്റെയും പ്രാധാന്യത്തെയും പ്രതീകാത്മകതത്തെക്കുറിച്ചും അവ അനാവരണം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു. നമുക്ക് ചുറ്റുമുള്ള അന്ധകാരത്തിലേക്ക് വെളിച്ചം വീശാനും പലപ്പോഴും പാപത്തിന്റെയും ഭീതിയുടെയും വേദനയുടെയും നിഴലിൽ തളയ്ക്കപ്പെട്ട നമ്മുടെ അസ്തിത്വത്തിലേക്ക് പ്രകാശം പരത്താനും എത്തുന്ന യേശുവിനെയാണ് ദീപാലങ്കൃത ക്രിസ്മസ് മരം സൂചിപ്പിക്കുന്നതെന്ന് മാർപ്പാപ്പാ വ്യക്തമാക്കി.


പക്ഷെ മരങ്ങൾക്കുള്ളതുപോലെ മനുഷ്യർക്കും വേരുകൾ ആവശ്യമാണ്. ഉറച്ചുനിൽക്കാനും വളരാനും ഫലം പുറപ്പെടുവിക്കുകയും ജീവിതത്തിന് നേരെ പ്രതികൂല സാഹചര്യങ്ങളിൽ ആഞ്ഞുവീശുന്ന കാറ്റിനെ ചെറുക്കാനും "ഉറച്ച അടിത്തറ" വേണമെന്ന ആശയവും ഇത് നിർദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെന്ന പോലെ തന്നെ വിശ്വാസത്തിലും വേരുകളെ കാത്തുസൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും ഫ്രാൻസിസ് മാർപാപ്പ ഊന്നിപ്പറഞ്ഞു.

നമ്മുടെ ഓരോരുത്തരോടും കൂടെ ആയിരിക്കാൻ മനുഷ്യനായിത്തീർന്ന ദൈവപുത്രന്റെ ജനനത്തെക്കുറിച്ചാണ് പുൽക്കൂട് നമ്മോട് സംസാരിക്കുന്നുതെന്നും പാപ്പ വ്യക്തമാക്കി. പുൽക്കൂട് അതിന്റെ ദാരിദ്ര്യത്തിൽ തിരുപ്പിറവിയുടെ യഥാർത്ഥ സമ്പന്നത വീണ്ടും കണ്ടെത്തുവാൻ നമ്മെ സഹായിക്കുന്നു.


ഒരു നവജാതശിശുവിന്റെ ലാളിത്യം, പിള്ളകച്ചകളിൽ പൊതിഞ്ഞു കിടക്കുമ്പോഴും ദൈവകുമാരന്റെ ശാന്തത, അവനെ ചുറ്റിപ്പറ്റിയുള്ള വസ്ത്രങ്ങളുടെ ആർദ്രത ഇവയെല്ലാം തിരുപ്പിറവിരംഗത്തെ മലിനമാക്കുന്ന നിരവധി കാര്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാനും നമ്മെ സഹായിക്കുന്നുവെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു.

പുൽക്കൂടിൻറെ ലാളിത്യം ഉപയോഗക്ത-വാണിജ്യപരങ്ങളായ താൽപര്യങ്ങളിൽ നിന്നും വിഭിന്നമായ ഒരു തിരുപ്പിറവിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ധാരാളിത്തത്തിൽ നിന്നും കച്ചവട താൽപര്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ക്രിസ്മസ് ദുർബലമായവരുമായും ദൈവവുമായും അടുത്തിടപഴകാൻ സഹായിക്കുന്നു.


പലപ്പോഴും ഉന്മാദാവസ്ഥയാൽ വീർപ്പുമുട്ടുന്ന നമ്മുടെ നാളുകളിൽ നിശബ്ദതയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങളെ കാത്തുസൂക്ഷിക്കുന്നത് എത്രത്തോളം നല്ലതാണെന്ന് അത് നമ്മെ അനുസ്മരിപ്പിക്കുന്നുവെന്നും പാപ്പ വിശദീകരിച്ചു. അതുകൊണ്ട് പ്രത്യക്ഷതയുടെ പ്രതാപത്തിലല്ല, മറിച്ച് ഒരു പുൽക്കൂടിന്റെ ദാരിദ്ര്യത്തിൽ ജനിക്കാൻ തക്കവിധം സ്വയം ചെറുതായ കർത്താവിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ആശ്ചര്യവും വിസ്മയവും ഈ ക്രിസ്മസ് വേളയിൽ വീണ്ടും കണ്ടെത്താൻ നമുക്ക് കഴിയട്ടെയെന്നും ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

കൂടുതൽ വായനയ്ക്ക്...

https://cnewslive.com/news/37527/christmas-creche-tree-to-be-unveiled-in-the-vatican-ami

https://cnewslive.com/author/38269/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.