'ലോക്കല്‍ സെക്രട്ടറിയെ പോലും ചാന്‍സലറാക്കാം': ഗവര്‍ണറെ മാറ്റാനുളള ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം

'ലോക്കല്‍ സെക്രട്ടറിയെ പോലും ചാന്‍സലറാക്കാം': ഗവര്‍ണറെ മാറ്റാനുളള ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം. സര്‍വകലാശാല ഭേദഗതി ബില്‍ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റുവല്‍കരിക്കാനുള്ള ശ്രമമാണിത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ബില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പ്രോ ചാന്‍സലറായ മന്ത്രി ചാന്‍സലറുടെ കീഴിലാകുന്നു. ഇക്കാര്യത്തില്‍ ബില്ലില്‍ അവ്യക്തതയുണ്ട്. ചാന്‍സലര്‍ നിയമനത്തിന് തിരഞ്ഞെടുപ്പ് പ്രക്രിയ ഇല്ല. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാന്‍സലറാക്കാം. സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ആകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ദ്ധരെ കൊണ്ടു വരുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. നിയമം നിലവില്‍ വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാകും.

പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണന്‍, അല്ലെങ്കില്‍ കാര്‍ഷികവും വെറ്ററിനറി ശാസ്ത്രവും ഉള്‍പ്പെട്ട ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയില്‍ ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാള്‍ ഇങ്ങനെയാണ് സര്‍വകലാശാലാ നിയമങ്ങള്‍ (ഭേദഗതി) ബില്ലില്‍ ചാന്‍സലര്‍മാരുടെ യോഗ്യത നിഷ്‌കര്‍ച്ചിരിക്കുന്നത്.

സമാന സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലറും പ്രത്യേക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലകള്‍ക്ക് പ്രത്യേകം ചാന്‍സലര്‍മാരും ആയിരിക്കുക. അഞ്ച് വര്‍ഷമായിരിക്കും ചാന്‍സലറുടെ കാലാവധി. അധിക കാലയളവിലേക്ക് പുനര്‍ നിയമനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗുരുതരമായി പെരുമാറ്റ ദൂഷ്യത്തില്‍ മേലുള്ള ആരോപണത്തിലോ ഉത്തരവ് വഴി നീക്കം ചെയ്യാം. സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജി അന്വേഷണം നടത്തി തെളിയിക്കപ്പെടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.