ഹിമാചലും ഗുജറാത്തും ആര്‍ക്കൊപ്പം?.. ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഹിമാചലും ഗുജറാത്തും ആര്‍ക്കൊപ്പം?.. ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെയും ഗുജറാത്തിലെയും ജനവിധി ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയ്ക്ക് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

കാല്‍ നൂറ്റാണ്ടായി ആര്‍ക്കും ഭരണ തുടര്‍ച്ച നല്‍കാത്ത ഹിമാചലില്‍ ബിജെപി കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം ആണ് നടക്കുന്നത്. നേരിയ ഭൂരിപക്ഷത്തിലെങ്കിലും ബിജെപിക്ക് തുടര്‍ ഭരണം എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എന്നാല്‍ ചില സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേകുന്നതാണ്. 68 മണ്ഡലങ്ങളില്‍ ആകെ 412 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സരിക്കുന്നത്.

ഗുജറാത്തില്‍ 182 സീറ്റുകളാണ് ആകെയുള്ളത്. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി അധികാരം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാര്‍ട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും അറിയേണ്ടതുണ്ട്.

ഉപതിരഞ്ഞെടുപ്പ് നടന്ന യുപി മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മെയിന്‍പുരിയില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാര്‍ത്ഥി.

യുപിയിലെ രാംപൂര്‍, ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് ഇന്ന് വോട്ടെണ്ണല്‍. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.