ഹിമവന്‍മുടികളില്‍ കൊടികളുയര്‍ത്തി കോണ്‍ഗ്രസ്; ഗുജറാത്തിനെ താമരപ്പാടമാക്കി ബിജെപി

ഹിമവന്‍മുടികളില്‍ കൊടികളുയര്‍ത്തി കോണ്‍ഗ്രസ്; ഗുജറാത്തിനെ താമരപ്പാടമാക്കി ബിജെപി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഭരണം തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്. ആകെയുള്ള 68 സീറ്റുകളില്‍ 40 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. ബിജെപി 25 സീറ്റും മറ്റുള്ളവര്‍ മൂന്ന് സീറ്റും നേടി. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ അക്കൗണ്ട് തുറക്കാനായില്ല.

ഗുജറാത്തില്‍ ചരിത്ര വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളില്‍ 156 ലും ബിജെപി വിജയം കൊയ്തു. 1985 ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ 149 സീറ്റുകള്‍ എന്ന നേട്ടവും മറികടന്ന് ബിജെപി ചരിത്രം സൃഷ്ടിച്ചു.

തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 17 സീറ്റിലൊതുങ്ങി. 2017 ലെ തിരഞ്ഞെടുപ്പില്‍ നേടിയ 78 സീറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് 17 ലേക്ക് കൂപ്പുകുത്തിയത്. അഞ്ച് മണ്ഡലങ്ങളില്‍ വിജയിച്ച് ആം ആദ്മി ഗുജറാത്തില്‍ അക്കൗണ്ട് തുറന്നു എന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

മോഡി തരംഗത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍ അതേ മോഡി പ്രഭാവം ഹിമാചലില്‍ ഏശിയില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഹിമാചലില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്.

നേതാക്കള്‍ തമ്മില്‍ പൊതുവേയുള്ള ഐക്യവും ബിജെപി ഭരണത്തിലെ പാളിച്ചകളും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കൂടാതെ പ്രിയങ്കാ ഗാന്ധി മുന്നോട്ടു വച്ച പഴയ പെന്‍ഷന്‍ പദ്ധതി അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

അതിനിടെ ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് എംഎല്‍എമാരെയെല്ലാം കോണ്‍ഗ്രസ് ചണ്ഡീഗഡിലേക്ക് മാറ്റി. എത്രയും പെട്ടന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന എന്നുള്ളതാണ് ഇനി കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി.

മുന്‍ പിസിസി പ്രസിഡന്റും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാനുമായ സുഖ് വീന്ദര്‍ സിങ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകന്‍ വികാരാദിത്യ സിങ്, പ്രതിപക്ഷ നേതാവായ മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. സമവായ ചര്‍ച്ചകളിലൂടെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്.

ഏഴാം തവണയും തുടര്‍ ഭരണം നേടിയ ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച അധികാരമേല്‍ക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നിലവിലുള്ള മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സംബന്ധിക്കും.

എക്‌സിറ്റ് പോള്‍ ഫലങ്ങളെയും മറികടന്നുള്ള വിജയം രാജ്യമൊട്ടാകെ ആഘോഷമാക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ അലയടിച്ച ഭരണവിരുദ്ധ വികാരം കൃത്യമായ കരുനീക്കങ്ങളിലൂടെ മറികടന്നാണ് അമിത് ഷായും നരേന്ദ്ര മോഡിയുമടങ്ങുന്ന ബിജെപി നേതൃത്വം വന്‍ വിജയത്തിന് വഴിയൊരുക്കിയത്.

കുട്ടികളും സ്ത്രീകളുമടക്കം നൂറിലധികം പേര്‍ മരിച്ച മോര്‍ബി തൂക്കുപാലം ദുരന്തം പോലും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല എന്നതിന് തെളിവാണ് മോര്‍ബി ജില്ലയിലെ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരിയത്. കാലാകാലങ്ങളായി കോണ്‍ഗ്രസിന് ആധിപത്യമുണ്ടായിരുന്ന സൗരാഷ്ട്ര, കച്ച് മേഖലകളിലും ഇത്തവണ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.