നൈജീരിയയിൽ ജിഹാദിസ്റ്റുകളുടെ അതിക്രമം; 850 ക്രൈസ്തവർ ഭീകരരുടെ പിടിയിൽ

നൈജീരിയയിൽ ജിഹാദിസ്റ്റുകളുടെ അതിക്രമം; 850 ക്രൈസ്തവർ ഭീകരരുടെ പിടിയിൽ

അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്തെ റിജാന പ്രദേശം ഉൾപ്പെടെ ജിഹാദിസ്റ്റുകളുടെ പിടിയിൽ. കുറഞ്ഞത് 850 ക്രൈസ്തവർ ഇപ്പോഴും മോചനം കാത്തിരിക്കുകയാണെന്ന് ഇന്റർ സൊസൈറ്റി എന്ന എൻജിഒയുടെ പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തടവിലായവരിൽ പലരും മോചനദ്രവ്യം ലഭിക്കാത്തതിനാൽ പീഡനത്തിനും കൊലപാതകത്തിനും ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ക്രൈസ്തവ മതപണ്ഡിതന്മാരെയും പ്രത്യേകിച്ച് കത്തോലിക്കാ വൈദികരെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ ഭീതിജനകമായി ഉയർന്നുവരികയാണ്. 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ കുറഞ്ഞത് 15 വൈദികരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് പറയുന്നു. 2015 മുതൽ ഇതുവരെ 250-ൽ അധികം വൈദികർ ആക്രമണങ്ങൾക്കിരയായിട്ടുണ്ട്.

2009 മുതൽ 2025 സെപ്റ്റംബർ വരെ രാജ്യത്ത് 19,100-ലധികം ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടതായോ കൊള്ളയടിക്കപ്പെട്ടതായോ നിർബന്ധിതമായി അടച്ചുപൂട്ടിയതായോ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂട്ടക്കൊലകളും ആക്രമണങ്ങളും മൂലം ഒന്നരക്കോടിയോളം ക്രൈസ്തവർ സ്വന്തം ഗ്രാമങ്ങളും വീടുകളും ഉപേക്ഷിച്ച് സുരക്ഷ തേടി കുടിയൊഴിഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നൈജീരിയൻ സൈന്യത്തിലും പൊലീസിലും ഉൾപ്പെടുന്ന ചില പ്രത്യേക യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നുവെന്ന ഗുരുതരമായ ആരോപണവും ഇന്റർ സൊസൈറ്റി ഉന്നയിക്കുന്നു. കിഴക്കൻ നൈജീരിയയിൽ ക്രൈസ്തവ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിക അനാഥാലയങ്ങളിലേക്ക് അയച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബോക്കോ ഹറാം, ഫുലാനി തീവ്രവാദികൾ തുടങ്ങിയ ജിഹാദിസ്റ്റ് ഗ്രൂപ്പുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.