ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! പ്രവാസികള്‍ക്ക് ആശ്വാസമായി കെവൈസി വിവാഹ രജിസ്ട്രേഷന്‍

ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! പ്രവാസികള്‍ക്ക് ആശ്വാസമായി കെവൈസി വിവാഹ രജിസ്ട്രേഷന്‍

തിരുവനന്തപുരം: നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ട് എത്താതെ ലോകത്ത് എവിടെയിരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം. ദീര്‍ഘനേരം പഞ്ചായത്ത് ഓഫീസുകളുടെയോ മുനിസിപ്പാലിറ്റികളുടെയോ നഗരസഭകളുടെയോ വരാന്തകളില്‍ ദീര്‍ഘ നേരം കാത്തു കെട്ടി കിടക്കേണ്ടതില്ല.

തദ്ദേശ സ്വയംഭരണ വകുപ്പാണ് വീഡിയോ ഇ കെവൈസി(ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍) യിലൂടെ ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോകത്ത് എവിടെയിരുന്നു ഏത് സമയത്തും നിങ്ങള്‍ക്ക് നിങ്ങളുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഒരു ആഭ്യന്തര സോഫ്റ്റ്വെയറായ കെ സ്മാര്‍ട്ട് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് സാധ്യമാകുന്നത്.

നഗരസഭകളില്‍ ഈ സംവിധാനം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ തന്നെ നിലവില്‍ വന്നിരുന്നു. ഏപ്രില്‍ മുതലാണ് ഗ്രാമീണ മേഖലകളിലേക്കും ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ഇതോടെ കേരളത്തില്‍ സാര്‍വത്രികമായി എല്ലാവര്‍ക്കും ഇത് ഉപയോഗിക്കാനാകും.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തത് 62,524 വിവാഹങ്ങള്‍

2024 ജനുവരി മുതല്‍ ഇക്കൊല്ലം സെപ്റ്റംബര്‍ 22 വരെ 1,44,416 വിവാഹങ്ങള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 62,524 വിവാഹങ്ങള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. വീഡിയോ കെവൈസി ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തൃശൂരാണ്. 10062 വിവാഹങ്ങളാണ് തൃശൂരില്‍ മാത്രം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടുപിന്നില്‍ മലപ്പുറം ഉുണ്ട്. 8345 വിവാഹങ്ങളാണ് മലപ്പുറത്ത് കെവൈസിയിലൂടെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് 7394 വിവാഹങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും വധുവരന്‍മാര്‍ നേരിട്ട് ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഉള്ളപ്പോഴാണ് ഈ രംഗത്ത് കേരളം ബഹുദൂരം മുന്നില്‍ പോയിരിക്കുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സിഎംഡി സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. സംസ്ഥാനം ഡിജിറ്റല്‍ ഗവേണന്‍സില്‍ നേടിയിരിക്കുന്ന മറ്റൊരു നാഴികകല്ലാണ് ഇതെന്നും അദേഹം പിടിഐയോട് പറഞ്ഞു.

നടപടികള്‍ വളരെ ലളിതമാണ്. ദമ്പതിമാര്‍ക്കും സാക്ഷികള്‍ക്കും തിരിച്ചറിയല്‍ പരിശോധന വീഡിയോ കെവൈസിയിലൂടെ പൂര്‍ത്തിയാക്കാനാകും. ആധാര്‍ അധിഷ്ഠിത ഒടിപിയിലൂടെയോ ഇമെയില്‍ വഴിയോ ആധികാരികത ഉറപ്പിക്കാനാകും. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ നിര്‍ദ്ദിഷ്ട രജിസ്റ്റാറില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായി തന്നെ ഡൗണ്‍ലോഡ് ചെയ്യാനാകുമെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.