ഹൈക്കോടതിയുടെ ക്ലീന്‍ചിറ്റ്; സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ നീക്കം

ഹൈക്കോടതിയുടെ ക്ലീന്‍ചിറ്റ്; സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ നീക്കം

കൊച്ചി: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വെക്കേണ്ടിവന്ന മുന്‍ മന്ത്രി സജി ചെറിയാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് എസ്.മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച്ച ഹര്‍ജി തള്ളിയിരുന്നു. ഇതോടെ സജി ചെറിയാന്‍ കുറ്റവിമുക്തനായെന്നും അദ്ദേഹത്തിനെതിരായ കേസ് പോലീസ് അവസാനിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വീണ്ടും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചത്. 

സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി പി.ബിജു, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെങ്കിലും അതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഭരണഘടനയെ അപമാനിച്ചതിനാല്‍ എംഎല്‍എം സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. 

കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്ന് പൊലീസും നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ജൂലൈയിലാണ് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ പ്രസംഗിക്കവെ സജി ചെറിയാന്‍ ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയത്. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പുമാണെന്നും കുന്തവും കുടച്ചക്രവുമാണ് ഭരണഘടനയിലുള്ളതെന്നുമുള്ള പാരമര്‍ശമാണ് വിവാദമായത്. പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഭരണഘടനയെ അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശക്തമായി വാദിച്ചെങ്കിലും വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ രാജിവക്കേണ്ടി വരികെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.