ദോഹ: ജയം ഉറപ്പിച്ചെന്ന് കരുതിയിടത്ത് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ മിന്നൽ കണക്കെ സമനില ഗോൾ നേടുക. മെസ്സിയും കൂട്ടരും അന്താളിച്ചു പോയ നിമിഷമായിരുന്നു അത്. അടുത്ത ഒരു മിനിറ്റിനുള്ളിൽ സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് എടുക്കാമെന്ന അർജന്റീനയുടെ മോഹം ഷൂറ്റൗട്ട് വരെ എത്തിച്ച ഡച്ചു പടയുടെ പോരാട്ട വീര്യം പക്ഷെ എമിലിയാനോ മാർട്ടിനസ് എന്ന ആൽബിസെലസ്റ്റിൻ വൻ മതിലിൽ തട്ടി നിഷ്ഭ്രമമായി. അടിയും തിരിച്ചടിയുമായി ആവേശത്തിന്റെ കൊടുമുടി കയറിയ പോരാട്ടത്തിനൊടുവില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി അര്‍ജന്‍റീന വിജയം പിടിച്ചു വാങ്ങി.
പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീനയുടെ വിജയം. 4-3 എന്ന സ്‌കോറിനാണ് ഓറഞ്ച് പടയെ മെസിയും കൂട്ടരും വീഴ്ത്തിയത്. നെതര്‍ലന്‍ഡിന്റെ ആദ്യ രണ്ട് കിക്കുകളും പാഴായപ്പോള്‍ അര്‍ജന്റീനയുടെ നാലാം കിക്ക് ലക്ഷ്യം കാണാതെ പോയി. പക്ഷെ അവസാന കിക്കെടുത്ത സൂപ്പർ സ്ട്രൈക്കർ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ കൃത്യതയാർന്ന ഷോട്ട് വലയിലെത്തിയതോടെ വിജയം അർജന്റീന പിടിച്ചു വാങ്ങി. ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മാസ്മരിക പ്രകടനമാണ് ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുടെ വിജയത്തിന് നിര്‍ണായകമായത്.
ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെതര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. പക്ഷേ ആദ്യ 45 മിനുറ്റുകളില്‍ ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് പായിക്കാന്‍ ഡച്ച് താരങ്ങള്‍ക്കായില്ല. 22-ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ 25 യാര്‍ഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനിറ്റില്‍ ഡീ പോളിന്‍റെ ദുര്‍ബലമായ ഷോട്ട് ഗോളി പിടികൂടി.
എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനിറ്റിൽ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ മൊളീന ഫിനിഷ് ചെയ്തത്. അര്‍ജന്‍റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്. ഇതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തി.
രണ്ടാം പകുതിയിൽ 63-ാം മിനുറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീകിക്ക് ബാറിനെ തൊട്ടുരുമി കടന്നുപോയി. എന്നാൽ 72-ാം മിനുറ്റില്‍ അക്യൂനയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചതോടെ അർജന്റീന ആധികാരിക വിജയത്തിലേക്ക് നിങ്ങുകയെന്ന് ആരാധകർ കരുതി.
പക്ഷെ 83-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സിന്റെ ആദ്യ മറുപടിയെത്തി. വൗട്ട് വേഹോര്‍സ്‌ടായിരുന്നു സ്കോറര്‍. ജീവൻ തിരിച്ചു കിട്ടിയ കണക്കെയായിരുന്നു പിന്നീടങ്ങോട്ട് നെതര്‍ലന്‍ഡ്‌സിന്റെ കളി. അർജന്റീനൻ പോസ്റ്റ് ലക്ഷ്യമാക്കി ഡച്ച് പട നിരന്തരം ആക്രമണങ്ങൾ അയിച്ചുവിട്ടു. പരമാവധി പ്രതിരോധിച്ചു മത്സരം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് അർജന്റീനയും പയറ്റിയത്.
എന്നാൽ നിശ്ചിത സമയത്തിന് ശേഷം കിട്ടിയ 10 മിനിറ്റ് ഇഞ്ചുറി സമയത്തിന്റെ അവസാന സെക്കൻഡിൽ സമനില ഗോൾ നേടി നെതര്‍ലന്‍ഡ്‌സ് ട്വിസ്റ്റുണ്ടാക്കി. അവസാന നിമിഷം ലഭിച്ച ഫ്രീകിക്കിലൂടെ തന്ത്രപരമായി നെതര്‍ലന്‍ഡ്‌സ് സമനില പിടിക്കുകയായിരുന്നു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് വലയിലേക്ക് ഡയറക്ട് കിക്ക് പ്രതീക്ഷിച്ച അര്‍ജന്‍റീനന്‍ താരങ്ങളെ കബളിപ്പിച്ച് നിലംപറ്റെ കിക്കെടുത്ത കോപ്മെനാഷ് പന്ത് വൗട്ട് കാലിൽ നിയന്ത്രിച്ചു വലയിൽ എത്തിച്ചു.
ഇതോടെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ മത്സരവും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. ആദ്യ പകുതിയിൽ കാര്യമായ ആക്രമണങ്ങളൊന്നും ഇരു ഭാഗത്തു നിന്നും ഉണ്ടായില്ല. രണ്ടാം പകുതിയിൽ അർജന്റീന കത്തിക്കയറുന്ന കാഴ്ചയായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി അവസരങ്ങൾ ഓരോന്നായി സൃഷ്ടിച്ചുകൊണ്ടെയിരുന്നു.
114-ാം മിനുറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന്‍റെ ഷോട്ട് ഗോളി തടുത്തിട്ടു. എന്‍സോ ഫെര്‍ണാണ്ടസിന്‍റെ ഷോട്ട് തൊട്ടുപിന്നാലെ ക്രോസ് ബാറിനെ ഉരുമി പോയി. പിന്നാലെ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലാക്കാനായില്ല. മെസി, എന്‍സോ എന്നിവരുടെ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോയി. എന്‍സോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. അങ്ങനെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ പിന്നെ കണ്ടത് എമിയുടെ മായാക്കാഴ്‌ചകളായിരുന്നു.
വാന്‍ഡൈക്കിന്റെ ആദ്യ കിക്ക് തന്നെ മാര്‍ട്ടിനസ് തടുത്തിട്ടു. അടുത്തതായി എത്തിയ മെസി നിസ്സാരമായി പന്ത് വലയിലെത്തിച്ചു. സ്റ്റീവന്‍റെ രണ്ടാം കിക്കും മാര്‍ട്ടിനസിന്റെ പറക്കലില്‍ അവസാനിച്ചു. അര്‍ജന്‍റീനക്കായി പരേഡെസ് ലക്ഷ്യംകണ്ടു. പിന്നാലെ മൂന്നാം കിക്ക് ഇരു ടീമുകളും വലയിലെത്തിച്ചു. ഡച്ചിനായി കോപ്മെനാഷും അര്‍ജന്‍റീനക്കായി മൊണ്ടൈലുമാണ് കിക്കെടുത്തത്. വൗട്ടിന്‍റെ നാലാം കിക്ക് ഗോളായപ്പോള്‍ എന്‍സോയുടെ കിക്ക് പാഴായി. ഡി ജോങിന്‍റെ അഞ്ചാം കിക്ക് നെതര്‍ലന്‍ഡ്‌സ് വലയിലെത്തിച്ചപ്പോള്‍ ലൗട്ടാരോയുടെ അവസാന ഷോട്ട് വല കുലുക്കിയതോടെ അര്‍ജന്‍റീന 4-3ന് വിജയം സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടില്‍ തോൽവി വഴങ്ങി ബ്രസീൽ പുറത്തായത്തോടെ ലോകകപ്പിൽ ഇനി ഏക ലാറ്റിൻ അമേരിക്കൻ രാജ്യമായി അർജന്റീന. ക്രൊയേഷ്യയാണ് സെമിൽ അർജന്റീനയുടെ എതിരാളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.