വാഷിംഗ്ടണ്‍: നാസയുടെ ചരിത്ര ദൗത്യം ആര്‍ട്ടിമിസ് ഒന്നാം ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ ചുറ്റിയ ഓറിയോണ്‍ പേടകം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. ചന്ദ്രനു സമീപം മൂന്നാഴ്ച്ച യാത്ര നടത്തിയ ഓറിയോണ്‍ ഇന്ന് ഭൂമിയില്‍ ഇന്ത്യന്‍ സമയം രാത്രി 11.09ന് സാന്‍ഡിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാണ് പതിക്കുന്നത്. യു.എസ് നേവിയുടെ യു.എസ്.എസ് പോര്‍ട്ട്ലാന്‍ഡ് കപ്പല്‍ ഓറിയോണിനെ കടലില്‍ നിന്ന് വീണ്ടെടുക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓറിയോണ്‍ ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങിയത്. നാലംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ക്രൂ മൊഡ്യൂളാണ് ഓറിയോണ്‍. നവംബര്‍ 16നാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എല്‍.എസിലൂടെ (സ്പേസ് ലോഞ്ച് സിസ്റ്റം) ഓറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്.
ചന്ദ്രന്റെ അടുത്തുവരെ പോയി ചിത്രങ്ങള്‍ പകര്‍ത്തിയ ഓറിയോണ്‍ പേടകം വിലപ്പെട്ട നിരവധി ഡേറ്റയാണ് ഭൂമിയിലേക്ക് എത്തിച്ചത്. ഓറിയോണ്‍ സുരക്ഷിതമായി തിരിച്ചിറങ്ങിയാല്‍ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. 25 നാള്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഓറിയോണ്‍ പേടകം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്ന ഓറിയോണ്‍ പേടകത്തെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികളാണ്. ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും കടലിലേക്ക് പതിക്കുമ്പോള്‍ ഓറിയോണ്‍ പേടകത്തിനോ അതിനകത്തെ ഡമ്മികള്‍ക്കോ ഒന്നും സംഭവിക്കാന്‍ പാടില്ല. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ആര്‍ട്ടിമിസ് ദൗത്യം പ്രതിസന്ധിയിലാകും. ഇതിനാല്‍ തന്നെ നാസ ഗവേഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഭൂമിയില്‍ നിന്ന് 4,30,000 കിലോമീറ്റര്‍ സഞ്ചരിച്ച ഓറിയോണ്‍ ചന്ദ്രന്റെ വിദൂര വശത്തിന് അപ്പുറത്തേക്ക് 40,000 മൈല്‍ യാത്ര ചെയ്ത് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 1970ല്‍ വിക്ഷേപിച്ച അപ്പോളോ 13 ബഹിരാകാശ സഞ്ചാരികളുമായി ഭൂമിയില്‍ നിന്ന് 4,00,171 കിലോമീറ്റര്‍ സഞ്ചരിച്ച് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച, മനുഷ്യനെ വഹിക്കാവുന്ന പേടകമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡാണ് ഓറിയോണ്‍ തകര്‍ത്തത്. മൊത്തം 13 ലക്ഷം മൈല്‍ സഞ്ചരിച്ച ഓറിയോണ്‍ പേടകം മണിക്കൂറില്‍ 24,500 മൈല്‍ വേഗതയിലാണ് തിരികെ ഭൂമിയിലേക്കെത്തുന്നത്. തിരിച്ചുവരവിന് തൊട്ടുമുമ്പ് ബഹിരാകാശത്ത് വച്ച് ഓറിയോണിന്റെ സര്‍വീസ് മൊഡ്യൂള്‍ വേര്‍പെടുകയും ഓറിയോണിന്റെ ക്രൂ മൊഡ്യൂള്‍ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുകയും ചെയ്യും.
1972ലെ അപ്പോളോ 17ന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയാണ് ആര്‍ട്ടിമിസ് മിഷന്‍. മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ആര്‍ട്ടിമിസ് - III ദൗത്യത്തിനു മുന്നോടിയായുള്ള റിഹേഴ്‌സലാണ് ആര്‍ട്ടിമിസ് - I. നാല് യാത്രികരുമായി ആര്‍ട്ടിമിസ് - II 2024ല്‍ ചന്ദ്രനിലേക്കു കുതിക്കും. ചന്ദ്രന്റെ അടുത്തുകൂടി പറക്കുന്ന പേടകം ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് തിരിച്ചെത്തും.
ആര്‍ട്ടിമിസ് - III ദൗത്യത്തില്‍ നാല് യാത്രികരുമായി ഓറിയോണ്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ഇത് 2025ലുണ്ടായേക്കുമെങ്കിലും കാലതാമസം നേരിട്ടേക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.