തരൂരിനെ വിമര്‍ശിച്ച് വിഷയം വഷളാക്കരുത്; സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവന അവമതിപ്പുണ്ടാക്കി: കെപിസിസി രാഷ്ട്രീയകാര്യ സമിതി

തരൂരിനെ വിമര്‍ശിച്ച് വിഷയം വഷളാക്കരുത്; സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവന അവമതിപ്പുണ്ടാക്കി: കെപിസിസി രാഷ്ട്രീയകാര്യ സമിതി

കൊച്ചി: ശശി തരൂര്‍ എം.പിയെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്നം വഷളാക്കരുതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണ. തരൂരിന്റെ വ്യക്തിത്വം പാര്‍ട്ടി ഉപയോഗപ്പെടുത്തണം.

ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും നെഹ്റുവിനെ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.

സുധാകരന്റേത് അസമയത്തുണ്ടായ പ്രസ്താവന എന്ന് മറ്റ് നേതാക്കളും തുറന്നടിച്ചു. ഇത്തരമൊരു പ്രസ്താവന വന്നപ്പോള്‍ അണികളില്‍ ആശയക്കുഴപ്പമുണ്ടായി. ഇടതു കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള സാഹചര്യം ഇതിലൂടെയുണ്ടായി. ഒഴിവാക്കപ്പെടേണ്ട പ്രസ്താവനയായിരുന്നു എന്ന വികാരം യോഗത്തില്‍ പ്രകടിപ്പിക്കപ്പെട്ടു.

തരൂരിനെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെ പല നേതാക്കളും തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. ഇതാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കിയെതന്ന് യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

നിലവിലെ സാഹചര്യത്തില്‍ ശശി തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്നം വഷളാക്കാതെ, അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്കു വിടുക എന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. മാത്രവുമല്ല തരൂര്‍ ഇതുവരെ പാര്‍ട്ടി വിരുദ്ധമായ ഒരുകാര്യവും സംസാരിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ പരിപാടികളില്‍ കൂടുതല്‍ ആളുകള്‍ എത്തുകയും ചെയ്യുന്നു. തികഞ്ഞ മതേതരത്വ നിലപാടാണ് തരൂര്‍ പുലര്‍ത്തുന്നതും.

ഈ സാഹചര്യത്തില്‍ ഭാവിയില്‍ ശശി തരൂരിന് ലഭിക്കുന്ന വേദികളില്‍ നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ല. അദ്ദേഹത്തിന് എതിരായ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകേണ്ടതില്ല എന്ന നിലപാടാണ് യോഗം കൈക്കൊണ്ടത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി വിശദീകരിക്കപ്പെടണമെന്നില്ല.

ഗവര്‍ണറെ നീക്കാനുള്ള നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പിന്തുണച്ചതിനെതിരെയും അംഗങ്ങള്‍ രംഗത്തു വന്നു. സതീശന്റെ നിലപാടില്‍ വ്യക്തതയില്ലായിരുന്നു. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയും യോഗത്തില്‍ ചര്‍ച്ചയായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ ആത്മകഥാംശം അടങ്ങിയ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യേക ക്ഷണിതാവാക്കിയതും വിമര്‍ശനത്തിന് ഇടയാക്കി.

കെപിസിസി രാഷ്ട്രീയകാര്യ യോഗം ചേരുന്നതിന് മുന്‍പേ കെ. സുധാകരന്‍ ഇതിലുള്ള അതൃപ്തി പി.ജെ കുര്യനെ അറിയിച്ചു. എന്നാല്‍ താനല്ല പ്രസാധകരാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്നായിരുന്നു കുര്യന്റെ മറുപടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.