ചന്ദ്രനെ വലംവച്ച് നാസയുടെ ഓറിയോണ്‍ സുരക്ഷിതമായി ഭൂമിയിലെത്തി; ഒന്നാംഘട്ടം വിജയം

ചന്ദ്രനെ വലംവച്ച് നാസയുടെ ഓറിയോണ്‍ സുരക്ഷിതമായി ഭൂമിയിലെത്തി; ഒന്നാംഘട്ടം വിജയം

വാഷിങ്ടണ്‍: ചന്ദ്രനെ വലംവച്ച് നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച പേടകം പാരച്യൂട്ടുകള്‍ വഴി വേഗത കുറച്ച് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11.10ന് മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാണ് പേടകം പതിച്ചത്. യു.എസ് നേവിയുടെ കപ്പല്‍ കടലില്‍ നിന്ന് വീണ്ടെടുത്തു.

ആര്‍ട്ടിമിസ് പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ബഹിരാകാശ യാത്രികരെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം ഘട്ടത്തിലേക്കു കടക്കാന്‍ നാസ തയാറെടുക്കുകയാണ്.

നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഓറിയോണ്‍. 25 ദിവസം നീണ്ട യാത്രയില്‍ 22,53,081 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റര്‍ അകലെ വരെയാണ് ഓറിയോണ്‍ എത്തിയത്. മണിക്കൂറില്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റര്‍ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലേക്ക് മാറ്റുന്ന ഓറിയോണില്‍ കടലില്‍ വച്ച് തന്നെ നാസ ഗവേഷകര്‍ നിരീക്ഷണം ആരംഭിച്ചു. ബൊമ്മകളെയാണ് ഒറിയോണ്‍ പേടകം കൊണ്ടുപോയത്. ഇവയുടെ സ്‌പേസ് സ്യൂട്ട് ശാസ്ത്രജര്‍ വിശദമായി പരിശോധിക്കും.
വിശദാംശങ്ങള്‍ വരും മാസത്തില്‍ പുറത്തുവിടുമെന്ന് നാസ അറിയിച്ചു.

ഭാവിയിലെ ചന്ദ്രയാത്രയില്‍ മനുഷ്യനു കയറാനുള്ള പേടകമാണ് ഓറിയോണ്‍. ഭൂമിയിലേക്കുള്ള വരവില്‍ ഘര്‍ഷണം മൂലമുണ്ടാകുന്ന തീവ്രതാപത്തെ നേരിടാനുള്ള കഴിവ് പേടകത്തിന്റെ താപകവചത്തിനുണ്ടോ എന്നു കണ്ടെത്തുകയായിരുന്നു ഈ ദൗത്യത്തിലൂടെ നാസ ലക്ഷ്യമിട്ട പ്രധാന കാര്യം. 2024ല്‍ പദ്ധതിയിട്ടിരിക്കുന്ന രണ്ടാം ആര്‍ട്ടിമിസ് ദൗത്യത്തില്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനാണ് നാസ ഉദ്ദേശിക്കുന്നത്.

അപ്പോളോയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സ്വപ്ന പദ്ധതിയാണ് ആര്‍ട്ടിമിസ് ദൗത്യം. അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യന്‍ അവസാനം ചന്ദ്രനിലിറങ്ങിയതിന്റെ 50-ാം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ. നവംബര്‍ 16-നാണ് വിക്ഷേപണം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.