വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് പിണറായി

വിഴിഞ്ഞം സംഘര്‍ഷം: ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് പിണറായി

തിരുവനന്തപുരം: തുറമുഖത്തിനെതിരായ സമരത്തോടനുബന്ധിച്ച് വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍.

നിയമസഭയില്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നിയമാനുസൃതമായാണ് പൊലീസ് നടപടി എടുത്തത്. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനിടെയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസുകാരും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗൂഢാലോചന കുറ്റത്തിനാണ് കേസ്. സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറാള്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന നൂറിലധികം പേരും പ്രതികളാണ്.

കഴിഞ്ഞയാഴ്ച നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവില്‍ സമരം പിന്‍വലിക്കുകയായിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നത് സമര സമിതിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു.

മെത്രാപ്പോലീത്തായ്ക്കും മറ്റ് വൈദികര്‍ക്കുമെതിരെ കള്ള കേസുകള്‍ എടുത്ത സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിമര്‍ശിച്ചത്. സമാധാനപരമായി നടന്ന സമരത്തെ അക്രമത്തിന്റെ പാതയിലെത്തിച്ചത് പുറത്തു നിന്നും നുഴഞ്ഞു കയറിയവരാണെന്നും ഇതേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സമര സമതി വീണ്ടും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.