ഒറിഗോൺ ഗവർണർ സംസ്ഥാനത്തെ 17 വധശിക്ഷകളും റദ്ധാക്കി; ഒരു ജീവനെടുക്കുന്നതിലൂടെ നീതി നടപ്പാകുന്നില്ലെന്ന് കേറ്റ് ബ്രൗൺ

ഒറിഗോൺ ഗവർണർ സംസ്ഥാനത്തെ 17 വധശിക്ഷകളും റദ്ധാക്കി;  ഒരു ജീവനെടുക്കുന്നതിലൂടെ നീതി നടപ്പാകുന്നില്ലെന്ന് കേറ്റ് ബ്രൗൺ

സേലം (ഒറിഗൺ): അമേരിക്കൻ സംസ്ഥാനമായ ഒറിഗണിലെ ഡെമോക്രാറ്റിക് ഗവർണർ കേറ്റ് ബ്രൗൺ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 17 പേരുടെ ശിക്ഷകൾ ഇളവ് ചെയ്തു. പരോൾ അനുവദിക്കാതെയുള്ള ജീവപര്യന്തമായിട്ടാണ് ശിക്ഷ കുറച്ചത്.

വധശിക്ഷ തെറ്റാണെന്ന് വിശ്വസിക്കുന്നതിനാലാണ് തന്റെ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുന്നതെന്ന് അവർ പറഞ്ഞു. ബുധനാഴ്ച മുതൽ നടപടി പ്രാബല്യത്തിൽ വന്നു. ഗവർണർ സ്ഥാനത്ത് തന്റെ കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് കേറ്റ് ബ്രൗൺ ഉത്തരവിറക്കിയത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരെ പുനരധിവസിപ്പിച്ചതുകൊണ്ടല്ല ഉത്തരവ് ഇറക്കുന്നത്, മറിച്ച് ഈ ശിക്ഷ "അധാർമ്മികമാണ്" എന്ന് വിശ്വസിക്കുന്നതിനാലാണ് എന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഒരു ജീവനെടുക്കുന്നതിലൂടെ നീതി നടപ്പാകുന്നില്ല. വധശിക്ഷ ഒരിക്കലും തിരുത്താൻ കഴിയാത്ത ഒന്നാണ്, കമ്മ്യൂണിറ്റികളെ സുരക്ഷിതമാക്കുന്നില്ല, കൂടാതെ വധശിക്ഷ നൽകുന്നതിലൂടെ ഒരിക്കലും ന്യായമായും തുല്യമായും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

മുൻ ഒറിഗോൺ ഗവർണറുമാരെ അപേക്ഷിച്ച് ബ്രൗൺ തന്റെ ദയാദാക്ഷിണ്യം നടപ്പാക്കാനുള്ള അധികാരങ്ങൾ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ടെന്ന് ഒറിഗൺ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 50 വർഷത്തിനിടെ ഒരു സംസ്ഥാനത്ത് എല്ലാ വധശിക്ഷകളും ഇളവ് ചെയ്യുന്ന ഏഴാമത്തെ അമേരിക്കൻ ഗവർണറാണ് ബ്രൗൺ.

വധശിക്ഷ അനുവദിക്കുന്ന 27 സംസ്ഥാനങ്ങളിൽ ഒന്നാണ് ഒറിഗോൺ. എന്നാൽ 1997 മുതൽ ഇത് ഒരു തടവുകാരനെ തൂക്കിലേറ്റിയിട്ടില്ല. ഇൻഫർമേഷൻ സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ച് ഒറിഗോൺ ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഗവർണർ മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്.

വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ ഗവർണർമാരുടെ നിരയിലെ ഏറ്റവും പുതിയ ആളായിരുന്നു ബ്രൗൺ. വധശിക്ഷ "പ്രവർത്തനരഹിതവും അധാർമികവുമാണ്" എന്നതിനാലാണ് അവർ മൊറട്ടോറിയം നീട്ടിയത്.

മാത്രമല്ല വധശിക്ഷ നടപ്പാക്കുന്നതിലൂടെ നികുതിദായകരുടെ പണം പാഴാകുന്നുവെന്നും ബ്രൗൺ അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് ആദ്യമായി 1996 ലാണ് ഒരു വധശിക്ഷ നടപ്പാക്കിയത്. ഇതിനായി നികുതിദായകർക്ക് 2,00,000 ഡോളർ ചിലവായതായാണ് കണക്ക്.

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ പ്രകാരം 2022 ൽ അമേരിക്കയിൽ 17 പേരെ വധിച്ചിട്ടുണ്ട്. അതിനിടെ പടിഞ്ഞാറൻ അമേരിക്കൻ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻമാർ ബ്രൗണിന്റെ ഉത്തരവിനെ അപലപിച്ചു.

കൂടാതെ ഒറിഗോൺ സ്റ്റേറ്റ് സെനറ്റ് ലീഡറും റിപ്പബ്ലിക്കനുമായ ടിം നോപ്പ് പുതിയ നടപടിക്കെതിരെ രൂക്ഷവിമർശനം നടത്തി. വധശിക്ഷ അവസാനിപ്പിക്കാൻ ഒറിഗോണിലെ ജനങ്ങൾ വോട്ട് ചെയ്തോയെന്ന് ചോദിച്ച നോപ്പ് അത്തരം ഒരു നടപടി ഈ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് സംഭവിച്ചതായി ഓർക്കുന്നില്ലെന്നും പറഞ്ഞു.

ഒറിഗോൺ ഗവർണറായ ബ്രൗൺ തന്റെ പദവിയുടെ അവസാന നാളുകളിൽ പോലും ഏറ്റവും അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ ഇരയായവരെ അനാദരിക്കുന്നത് തുടരുന്നുവെന്നും നോപ്പ് കൂട്ടിച്ചേർത്തു.

അതേസമയം ഒറിഗോണിന്റെ ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്ന വധശിക്ഷയിലെ ഇളവ് ഭാവിയിൽ മറ്റൊരു ഗവർണർക്ക് പുനസ്ഥാപിക്കാൻ കഴിയും. എന്നാൽ ബ്രൗണിന്റെ പിൻഗാമിയായി എത്തുന്ന ഡെമോക്രാറ്റ് നേതാവ് ടീന കോട്ടെക്ക് തന്റെ മതവിശ്വാസങ്ങൾ കാരണം വധശിക്ഷയെ എതിർക്കുന്നതിനാൽ മൊറട്ടോറിയം തുടരുമെന്ന് വ്യക്തമാക്കി.

2015 ൽ അധികാരമേറ്റ ബ്രൗൺ 2018 ൽ വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. കാലാവധിയുടെ പരിധി അവസാനിക്കുന്നതോടെ അടുത്ത വർഷം സ്ഥാനമൊഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.