കാലടി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി പ്രവേശനം യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി

കാലടി  സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥി പ്രവേശനം യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥി പ്രവേശനം യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി. പ്രവേശന പരീക്ഷയില്‍ പിന്നിലായവരെ യോഗ്യരാക്കാന്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പ്രവേശന പരീക്ഷയുടെ മാര്‍ക്ക് അവഗണിച്ച് റാങ്ക് പട്ടിക തയാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സേവ് യൂനിവേഴ്സിറ്റി ക്യാപെയിന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

മലയാളം വകുപ്പില്‍ പി.എച്ച്.ഡി ഗവേഷണത്തിന് ഒന്‍പത് ഒഴിവുകളാണുള്ളത്. യു.ജി.സി നിയമപ്രകാരം പ്രവേശന പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ 70 ശതമാനത്തോടൊപ്പം അഭിമുഖത്തിന്റെ 30 ശതമാനം മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു വേണം അവസാന റാങ്ക് പട്ടിക തയാറാക്കാന്‍. എന്നാല്‍ ഇതിനു വിരുദ്ധമായി അഭിമുഖം മാത്രം പരിഗണിച്ച് ലിസ്റ്റ് തയാറാക്കിയെന്നാണ് പരാതി.

അന്തിമ പട്ടികയില്‍ പ്രവേശന പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ ഉണ്ടായിരുന്നവര്‍ വളരെ പിന്നിലായി. രണ്ടാം റാങ്കുകാരന്‍ പതിനഞ്ചാം സ്ഥാനത്തേക്കും മൂന്നാം റാങ്ക് ലഭിച്ചയാള്‍ ഒന്‍പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. നാലാം റാങ്കിലുണ്ടായിരുന്നയാള്‍ 36 ആയി. എന്നാല്‍, മറുവശത്ത് അഞ്ചാം റാങ്ക് ഒന്നാമതും പത്തൊമ്പതാം റാങ്ക് നാലാമതുമായി. പതിനാലാം റാങ്കുകാരന് ആറാം സ്ഥാനത്തേക്കും പതിനഞ്ചാം റാങ്കുകാരന് ഏഴാം റാങ്കിലേക്കും സ്ഥാനക്കയറ്റം കിട്ടി. ചട്ടങ്ങള്‍ അട്ടിമറിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ഇടപെടല്‍ നടന്നുവെന്നാണ് ആരോപണം.

മലയാളം വകുപ്പിലെ ലിസി മാത്യു, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡാണ് റാങ്ക് പട്ടിക തയാറാക്കിയത്. സര്‍വകലാശാലയിലെ ഈ വര്‍ഷത്തെ എല്ലാ ഗവേഷണ വിദ്യാര്‍ത്ഥി പ്രവേശന നടപടികളും നിര്‍ത്തിവയ്ക്കണമെന്നും യു.ജി.സി ചട്ടപ്രകാരം പ്രവേശനം നടത്താന്‍ വി.സിക്ക് നിര്‍ദേശം നല്‍കണമെന്നുമുള്ള ആവശ്യമാണ് സേവ് യൂനിവേഴ്സിറ്റി ക്യാപെയിന്‍ മുന്നോട്ടുവയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.