കാലിഫോര്‍ണിയ ഭൂകമ്പത്തില്‍ രണ്ടു മരണം; വീടുകള്‍ തകര്‍ന്നു; വൈദ്യുതിയില്ലാതെ നിരവധി ആളുകള്‍

കാലിഫോര്‍ണിയ ഭൂകമ്പത്തില്‍ രണ്ടു മരണം; വീടുകള്‍ തകര്‍ന്നു; വൈദ്യുതിയില്ലാതെ നിരവധി ആളുകള്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹംബോള്‍ട്ട് കൗണ്ടിയില്‍ 72 വയസും 83 വയസും പ്രായമള്ള രണ്ടു പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഹംബോള്‍ട്ട് കൗണ്ടി ഷെരീഫ് വില്യം ഹോന്‍സാല്‍ പറഞ്ഞു.

പ്രാദേശിക സമയം പുലര്‍ച്ചെ 2.34ന് കാലിഫോര്‍ണിയയുടെ വടക്കന്‍ തീരത്താണ് ഭൂചലനമുണ്ടായത്. 6.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതിനകം റിക്ടര്‍ സ്‌കെയിലില്‍ 4.6 നും 2.5 നും ഇടയില്‍ രേഖപ്പെടുത്തിയ 80 ചെറിയ ഭൂകമ്പങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

ഭൂകമ്പത്തെത്തുടര്‍ന്ന് റിയോ ഡെല്‍ നഗരത്തില്‍ വൈദ്യുതിയോ വെള്ളമോ ഇല്ലെന്ന് ചൊവ്വാഴ്ച രാവിലെ ഹംബോള്‍ട്ട് കൗണ്ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ നിരവധി പേരെ ചൊവ്വാഴ്ച രാവിലെ രക്ഷപ്പെടുത്തിയതായി ഹംബോള്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാമന്ത കര്‍ഗാസ് എബിസി ന്യൂസിനോട് പറഞ്ഞു.

നിരവധി റോഡുകള്‍ അടച്ചിടുകയും തുടര്‍ചലനങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഭൂചലനത്തില്‍ ഗ്യാസ് ലൈനുകള്‍ പൊട്ടി ചോര്‍ച്ചയുണ്ടായി. ഒരു കെട്ടിടത്തിന് തീപിടിച്ചത് പെട്ടെന്ന് അണച്ചു. ചൊവ്വാഴ്ച വൈകിട്ടും 32,000-ലധികം ഉപയോക്താക്കള്‍ വൈദ്യുതിയില്ലാതെ കഴിയുകയാണ്.

ഏകദേശം 15 വീടുകള്‍ റെഡ്-ടാഗ് ചെയ്തിട്ടുണ്ട്, അതായത് അവയ്ക്ക് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും അകത്തേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് കരുതപ്പെടുകയും ചെയ്യുന്നു. അതേസമയം 18 വീടുകള്‍ മഞ്ഞ ടാഗുചെയ്ത് മിതമായ നാശനഷ്ടങ്ങള്‍ നേരിട്ടതായി കൗണ്ടി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭൂകമ്പത്തെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഈല്‍ നദിക്ക് കുറുകെയുള്ള ഫെണ്‍ബ്രിഡ്ജ് അടച്ചതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ അറിയിച്ചു.

നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. വിദൂരമായ പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.