കേരളത്തിലും കോവിഡ് ജാഗ്രതാ നിര്‍ദേശം: ആശുപത്രികള്‍ സജ്ജീകരിക്കുന്നു; തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം

കേരളത്തിലും കോവിഡ് ജാഗ്രതാ നിര്‍ദേശം: ആശുപത്രികള്‍ സജ്ജീകരിക്കുന്നു; തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശമിറക്കി. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വര്‍ധന കണക്കിലെടുത്താണ് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണമെന്നും മുന്നറിയിപ്പ് നൽകുന്നു. 

പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണമെന്ന മുന്‍നിര്‍ദേശം യോഗം ആവര്‍ത്തിച്ചു. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്ത എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. ഡിസംബറിൽ ഇതുവരെ 1431 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 51 കേസാണ് റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ സജ്ജമായിരിക്കാൻ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗ വ്യാപന പശ്ചാതലത്തിൽ സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശം നൽകി. വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന തുടങ്ങി. എന്നാൽ രാജ്യാന്തര യാത്രയ്ക്കുള്ള എയർ സുവിധ ഫോം തല്ക്കാലം തിരിച്ചു കൊണ്ടു വരില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗവും ചേരും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.