കാനഡയിലെ പോളാർ ബിയർ ക്യാപിറ്റലിന് സമീപം ധ്രുവക്കരടികളുടെ എണ്ണം വൻതോതിൽ കുറയുന്നതായി റിപ്പോർട്ട്

കാനഡയിലെ പോളാർ ബിയർ ക്യാപിറ്റലിന് സമീപം ധ്രുവക്കരടികളുടെ എണ്ണം വൻതോതിൽ കുറയുന്നതായി റിപ്പോർട്ട്

ടൊറന്റോ: കാനഡയിലെ ഹഡ്സൺ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ അല്ലെങ്കിൽ ആർട്ടിക്കിന്റെ തെക്കേ അറ്റത്ത് ജീവിക്കുന്ന ധ്രുവക്കരടികളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെയുണ്ടായത് 27 ശതമാനം കുറവെന്ന് റിപ്പോർട്ട്. കനേഡിയൻ സർക്കാർ നടത്തിയ പുതിയ സർവേയുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

2016 ൽ ഈ പ്രദേശത്ത് 842 ധ്രുവക്കരടികൾ ജീവിച്ചിരുന്നു. എന്നാൽ 2021 ൽ വിമാനമാർഗം നടത്തിയ സർവേയിൽ ഇത് 618 ആയി കുറഞ്ഞു. "യഥാർത്ഥ തകർച്ച ഞാൻ പ്രതീക്ഷിച്ചതിലും വളരെ വലുതാണ്" എന്ന് ഏകദേശം നാല് പതിറ്റാണ്ടുകളായി ഹഡ്സൺ ബേ ധ്രുവക്കരടികളെക്കുറിച്ച് പഠിച്ച ആൽബർട്ട സർവകലാശാലയിലെ ബയോളജി പ്രൊഫസർ ആൻഡ്രൂ ഡെറോച്ചർ പറയുന്നു.


1980 കളിൽ ഈ മേഖലയിലെ കരടികളുടെ എണ്ണം ഏകദേശം 50 ശതമാനം കുറഞ്ഞതായി പറയപ്പെടുന്നു. ഈ കാലഘട്ടങ്ങളിൽ മേഖലയിൽ 1,200 ഓളം ധ്രുവക്കരടികളുടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാനമായും ധ്രുവക്കരടികളുടെ അതിജീവനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വിശദീകരിക്കുന്നത്.

ധ്രുവക്കരടികളുടെ ജീവിതം ആർട്ടിക് സമുദ്രത്തിലെ മഞ്ഞുവീഴ്ചയെ ആശ്രയിച്ചാണ്. തണുത്തുറഞ്ഞ സമുദ്രജലം ധ്രുവക്കരടികളെ ഇരകളെ വേട്ടയാടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കട്ടിയുള്ള ഹിമത്തിന്റെ ദ്വാരങ്ങൾക്ക് സമീപം ഇരുന്നുകൊണ്ട് ഇവ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തെ ഇരതേടുകയാണ് പതിവ്.

എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ താപനില വലിയധികം ഉയരുന്നതിനാൽ കടൽ മഞ്ഞ് വർഷത്തിന്റെ തുടക്കത്തിൽ തന്നെ പൊട്ടുകയും പിന്നീട് കട്ടിയാകാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു.

ഇതോടെ ഇരകളെ വേട്ടയാടാൻ ധ്രുവക്കരടികളെ സഹായിക്കുന്ന കടലിലെ മഞ്ഞ് പാളികളുടെ സാന്നിധ്യം കുറയുകയും ചെയ്യുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആർട്ടിക്കിലുടനീളം വസിക്കുന്ന അനേകം ധ്രുവക്കരടികൾക്ക് ജീവിക്കാനും വേട്ടയാടാനും സന്തത്യുല്‍പാദനം നടത്താനുമുള്ള മഞ്ഞിന്റെ സാന്നിധ്യം ഗണ്യമായി കുറയുകയാണ്.

സീലുകളും മത്സ്യവുമാണ് ഇവയുടെ പ്രധാന ആഹാരം. ഇതിൽ സീലുകളുടെ എണ്ണത്തിലുണ്ടായ കുറവും ധ്രുവക്കരടികളെ പ്രതികൂലമായി ബാധിച്ചു. പരിസ്ഥിതിയിലെ മാറ്റങ്ങൾ ബാധിക്കുമെന്ന് എപ്പോഴും പ്രവചിച്ചിക്കപ്പെട്ടിട്ടുള്ള കരടികളാണ് ധ്രുവക്കരടികളെന്ന് 30 വർഷത്തിലേറെയായി ധ്രുവക്കരടികളെക്കുറിച്ച് പഠിച്ച പ്രധാന എഴുത്തുകാരനായ സ്റ്റീഫൻ അറ്റ്കിൻസൺ വ്യക്തമാക്കുന്നു.

ലോകത്തിന്റെ ധ്രുവക്കരടിയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഹഡ്സൺ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ പെൺകരടികൾക്കും കരടിക്കുഞ്ഞുങ്ങൾക്കുമാണ് അതിജീവനത്തിൽ പ്രത്യേക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


കുഞ്ഞു കരടികൾക്ക് വളരാൻ ഊർജ്ജം ആവശ്യമാണ്. ആവശ്യത്തിന് ഭക്ഷണമില്ലാതെ ദീർഘകാലം അതിജീവിക്കാൻ ഇവയ്ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ പെൺ കരടികൾ വളരെയധികം ഊർജ്ജം ചെലവഴിക്കുകയും കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുന്നു.

പെൺകരടികളുടെ ഈ പ്രതിസന്ധി തീർച്ചയായും അവയുടെ നിലവിലുള്ള പ്രവർത്തനക്ഷമതയെയും മറ്റും ബാധിക്കുകയും പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്നുവെന്ന് ഡെറോച്ചർ പറയുന്നു. അതോടൊപ്പം തന്നെ ഹഡ്സൺ ഉൾക്കടലിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള കുടിയേറ്റവും ധ്രുവക്കരടികളുടെ എണ്ണം കുറയാൻ കാരണമാകുന്നെന്ന് കരുതപ്പെടുന്നുണ്ട്.

ആർട്ടിക് മേഖലയിൽ ജീവിക്കുന്ന വലിയ കരടിയാണ് ധ്രുവക്കരടി. വെള്ളക്കരടിയെന്നും അറിയപ്പെടുന്ന ഇവ കരടിവർഗ്ഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമാണ്. പ്രധാനമായും റഷ്യ,കാനഡ,ഡെന്മാർക്ക്,നോർവെ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത്.

സാധാരണ കരടികളെ അപേക്ഷിച്ച് ഇവയ്ക്ക് നീളം കൂടിയ കാലുകളും നീണ്ട വണ്ണം കുറഞ്ഞ കഴുത്തും ആണ് ഉള്ളത്. 25-30 വർഷമാണ് ധ്രുവക്കരടികളുടെ ആയുർദൈഘ്യം. പൂർണ്ണവളർച്ചയെത്തിയ ഒരു ധ്രുവക്കരടി 150 മുതൽ 300 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും. മാംസത്തിനായും രോമകൂപങ്ങൾക്കായും ധാരളമായി വേട്ടയാടപ്പെടുന്നതിനാൽ ഇന്ന് വളരെയധികം വംശനാശഭീഷണി നേരിടുന്ന ഒരു ജീവി കൂടിയാണ് ധ്രുവക്കരടികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.