“നിന്റെ ജീവിതത്തിലെ ഓരോ കുരിശുകളും കത്താവിന്റെ ഓരോ ചുംബനങ്ങളാണ്.നിനക്ക് ജീവിതത്തിൽ കുരിശുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് നിന്നെ ചുംബിക്കാനും മാത്രം കർത്താവ് നിന്നോട് അടുത്തതുകൊണ്ടാണ് .” ഇത് വി.മദർ തെരേസയുടെ വാക്കുകൾ. എത്രയോ ആശ്വാസം തരുന്ന വാക്കുകൾ അല്ലെ ! ജീവിതത്തിൽ കുരിശുകൾ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടോ? കുരിശുകൾ ഈശോയുടെ ചുംബനങ്ങൾ ആണെങ്കിൽ നമുക്ക് എത്രയോ ചുംബനങ്ങൾ ലഭിച്ചു കഴിഞ്ഞു! അങ്ങനെയെങ്കിൽ കുരിശുകൾ വേണ്ട എന്നു പറയാനാകുമോ? കിട്ടിയ കുരിശിനെപ്പറ്റി പരാതിപ്പെടാനാകുമോ ?
നസ്രായൻ തച്ചനെ അറിയില്ലേ ? നമ്മുടെ ആ തച്ചൻ നല്ല ഒരു മരപ്പണിക്കാരനാണ്. എല്ലാവരുടെയും പൊക്കത്തിനും തൂക്കത്തിനും യോജിച്ച കുരിശു പണിയാൻ നമ്മുടെ തച്ചന് നന്നായിയറിയാം . നമ്മൾ മറ്റുള്ളവരുടെ ജീവിതം കണ്ടിട്ട് അസൂയപ്പെടാറില്ലേ ? അവരുടെ കുരിശു കിട്ടിയിരുന്നെങ്കിൽ, അതിനു ഭാരക്കുറവ് തോന്നുന്നു എന്ന് ചിന്തിച്ചിട്ടില്ലേ ? അത് നമുക്ക് നമ്മുടെ നസ്രായൻ തച്ചനെ നന്നായി അറിയില്ലാത്തതുകൊണ്ടാണ്. നമുക്കായി അവൻ പ്രത്യേകം രൂപകൽപന ചെയ്ത ആ കുരിശല്ലാതെ മറ്റൊരു കുരിശും നമുക്ക് 'ഫിറ്റ് ' ആകില്ല. അവൻ സമ്മാനമായി തരുന്ന ഓരോ കുരിശും ചുടുചുംബനങ്ങളായി മടികൂടാതെ സ്വീകരിച്ചു നോക്കു, ഒരിക്കലും അത് കുരിശായി തോന്നില്ല. ആ കുരിശും വഹിച്ചുള്ള യാത്രയിൽ അവൻ ആവശ്യാനുസരണം സഹായികളെ അയക്കും . ആശ്വസിപ്പിക്കാൻ വെറോനിക്കാമാരെയും കുരിശു താങ്ങി സഹായിക്കാൻ ശെമയോന്മാരെയും അവൻ അയക്കും. കണ്ടിട്ടില്ലേ, ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തവർ അത്യാവശ്യസമയത്ത് സഹായവുമായി വരുന്നത് ? ഒരിക്കലും സംസാരിച്ചിട്ടില്ലാത്തവർ തകർന്നിരിക്കുമ്പോൾ ആശ്വാസവാക്കുമായി വരുന്നത് ? അതൊക്കെ നമ്മുടെ തച്ചൻ അയക്കുന്ന മാലാഖാമാർ അല്ലെ ! സംശയിക്കണ്ട , അവരൊക്കെയാണ് വെറോനിക്കാമാരും ശിമയോന്മാരും . അമ്മ കുരിശിന്റെ വഴിയിലുടനീളം നമ്മുടെ കൂടെ ഉണ്ടാവും . ഇത്ര ചുംബനങ്ങൾ എനിക്ക് തരാനുംമാത്രം അത്ര ഗാഢമായി നീ എന്നോട് അടുത്തെങ്കിൽ , നസ്രായാ അത് വേണ്ട എന്ന് പറയാൻ എനിക്ക് ആവുമോ !! ചുംബനങ്ങളാൽ മൂടപ്പെടട്ടെ എന്നല്ലെ എനിക്ക് പറയാനാകൂ .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26