അതിശൈത്യം: അമേരിക്കയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു

അതിശൈത്യം: അമേരിക്കയില്‍ തണുത്തുറഞ്ഞ തടാകത്തില്‍ വീണ് മൂന്ന് ഇന്ത്യാക്കാര്‍ മരിച്ചു

ഫീനിക്സ്: അമേരിക്കയിലെ അരിസോണ സംസ്ഥാനത്ത് തണുത്തുറഞ്ഞ തടാകത്തില്‍ വീണ് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ മുദ്ദന (49) ഭാര്യ ഹരിത മുദ്ദന, കുടുംബ സുഹൃത്ത് ഗോകുല്‍ മെഡിസെറ്റി (47) എന്നിവരാണ് മരിച്ചത്.

തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തില്‍ വീഴുകയുമായിരുന്നു. ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞ് 3:35 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോണ്‍ തടാകത്തിലാണ് സംഭവം.

ഹരിതയെ വെള്ളത്തില്‍ നിന്ന് ഉടന്‍ വലിച്ചെടുക്കാനായെന്നും ജീവന്‍ രക്ഷാമാര്‍ഗങ്ങള്‍ നല്‍കിയെങ്കിലും വിജയിച്ചില്ലെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവരെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

'കൊല്ലപ്പെട്ട മൂന്ന് പേരും അരിസോണയിലെ ചാന്‍ഡലറിലാണ് താമസിച്ചിരുന്നത്. ഇവര്‍ ഇന്ത്യക്കാരാണ്'-കൊക്കോണിനോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഫീനിക്സിന്റെ ഒരു പ്രാന്തപ്രദേശമാണ് ചാന്‍ഡലര്‍.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളവരാണ് നാരായണയും ഹരിതയും. വിശാഖപട്ടണം സ്വദേശിയാണ് ഗോകുല്‍. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജോലിക്കാരനാണ് നാരായണ റാവു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.

അമേരിക്കയിലെ അതിശൈത്യത്തില്‍ മരണം 62 കടന്നു. ന്യൂയോര്‍ക്കില്‍ ശീതക്കാറ്റില്‍ 28 പേരാണ് മരിച്ചത്. അതിശൈത്യം കടുത്തതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിമപാതത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.

ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ സഹായത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. കനത്ത മഞ്ഞിനെയും ശീതക്കൊടുങ്കാറ്റിനെയും തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. രാജ്യത്ത് വൈദ്യുതി ബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

കനത്ത മഞ്ഞുവീഴ്ചയില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. വീടുകള്‍ക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവില്‍ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.