അഹമ്മദ് പട്ടേൽ; അധികാരമോഹിയല്ലാത്ത രാഷ്ട്രീയക്കാരൻ 

അഹമ്മദ് പട്ടേൽ; അധികാരമോഹിയല്ലാത്ത രാഷ്ട്രീയക്കാരൻ 

 സോണിയ ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തും, രാഷ്ട്രീയ ഉപദേഷ്ടാവും, പാർട്ടിയിലെ ട്രബിൾ ഷൂട്ടറുമായ  മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണം ഗാന്ധി കുടുംബത്തിനും കോൺഗ്രസ്സ് പാർട്ടിക്കും ഒരുപോലെ വലിയ തീരാനഷ്ടമാണ്  തീർത്തിരിക്കുന്നത്. ന്യുനപക്ഷ സമുദായാംഗമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ച കോൺഗ്രസ്സ് പാർട്ടിയെ ചുറ്റിപറ്റി മാത്രമായിരുന്നു. 

വന്മരങ്ങൾ വഴിമാറിയപ്പോഴും, കടപുഴകി വീണപ്പോഴും അദ്ദേഹം പാർട്ടിക്കൊപ്പം, നെഹ്‌റു കുടുംബത്തിനൊപ്പം ഉറച്ച് നിന്നു. പരാജയങ്ങളിൽ നിന്ന് പരാജയങ്ങളിലേക്ക് പാർട്ടി കൂപ്പു കുത്തിയ കാലഘട്ടത്തിൽ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ സോണിയ ഗാന്ധിക്ക് ശക്തി നൽകിയതും, പിന്നീട് രാഷ്ട്രീയ ഉപദേശങ്ങൾ നൽകി പാർട്ടിയെ അധികാരത്തിൽ എത്താൻ സഹായിച്ചതതും അഹമ്മദ് പട്ടേലായിരുന്നു. സോണിയ ഗാന്ധിയുടെ മുറിയിലേക്ക് അനുവാദമില്ലാതെ കടന്നു ചെല്ലാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന ഏക രാഷ്ട്രീയക്കാരൻ അഹമ്മദ് പട്ടേലായിരുന്നു എന്ന്  ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ഒരു സംസാരമുണ്ടായിരുന്നു.

പാർട്ടി വിട്ടു  പോകുന്നവരോട് കർക്കശ നിലപാട് സ്വീകരിക്കാൻ സോണിയ ഗാന്ധിയെ പ്രേരിപ്പിച്ചിരുന്നത് അഹമ്മദ് പട്ടേലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ അലൂമിനിയം പട്ടേൽ എന്നൊക്കെ വിളിച്ച് പലരും ആക്ഷേപിക്കാൻ ശ്രമിച്ചത്. കാഴ്ചയിൽ ഗൗരവ പ്രകൃതമുള്ള വ്യക്തിയായിരുന്നെങ്കിലും പാർട്ടിയിലെ മുതിർന്നവരോടും ഇളം തലമുറയോടും സൗമ്യതയോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേൽ യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടേയും സർക്കാരിലേയും നിർണായക സ്വാധീനമായിരിരുന്നു.അതേസമയം പാർട്ടിയിൽ നിർണായക ശക്തിയായി മാറിയപ്പോഴും യുപിഎ സർക്കാർ അധികാരത്തിലേറിയ 2004 ൽ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായാണ് അദ്ദേഹം പ്രവർത്തിച്ചത്. ഒരിക്കൽ പോലും മന്ത്രിസഭയിൽ അംഗമാകാൻ താത്പര്യപ്പെടാതിരുന്ന അദ്ദേഹം പാർട്ടിക്കും സർക്കാരിനും വേണ്ടി അണിയറയിൽ നിന്ന് നിതാന്തം പ്രയത്നിച്ചു. ഇന്ദിരാഗാന്ധിയാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നത്. 

ഗുജാറാത്തിലെ ബറൂച്ചിൽ 1949 ഓഗസ്റ്റ് 21 നായിരുന്നു അഹമ്മദ് പട്ടേൽ ജനിച്ചത്. കൗൺസിലറായാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്നത്. 1977 ൽ ബറൂച്ചിൽ നിന്ന് മത്സരിക്കാൻ ഇന്ദിരാഗാന്ധി പട്ടേലിനെ തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന് പ്രായം വെറും 28 വയസായിരുന്നു.ജനതാ തരംഗത്തിനിടയിലും പട്ടേൽ വിജയിച്ച് കയറിയതോടെ കോൺഗ്രസിലെ തന്റെ പേര് അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു അദ്ദഹം.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർലമെന്റ് സെക്രട്ടറിയായി 1985ൽ നിയമിതനായി. രാജീവ് ഗാന്ധിയുടെ പ്രവർത്തന ശൈലിയെ അടിമുടി പിന്തുടർന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം. തനിക്ക് മുൻപിൽ എത്തുന്ന എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിക്കുന്ന പട്ടേലിനെയായിരുന്നു ദില്ലിയിലെ ജവഹർ ഭവൻ നിർമ്മിക്കാനുള്ള മേൽനോട്ട ചുമതല രാജീവ് ഗാന്ധി ഏൽപ്പിച്ചത്.പ്രവർത്തനം ഇഴഞ്ഞ് നീങ്ങുകയായിരുന്ന ജവഹർ ഭവന്റെ നിർമ്മാണം ഒറ്റ വർഷം കൊണ്ട് പൂർത്തിയാക്കിയത് പലരെയും അത്ഭുതപ്പെടുത്തി. ലോകസഭയിലും രാജ്യസഭയിലും അംഗമായിരുന്ന അഹമ്മദ് പട്ടേൽ മന്ത്രിയായി പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.  മൻമോഹൻ സിംഗ് മന്ത്രിസഭയുടെ എല്ലാ പുനഃസംഘടനകളിലും അദ്ദേഹത്തിന്റെ പേര് ഉയർന്ന് വന്നിരുന്നെങ്കിലും ഒരിക്കൽപോലും അദ്ദേഹം മന്ത്രിയായിരുന്നില്ല എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു.

കോൺഗ്രസ്സ് പാർട്ടിയുടെ പ്രശ്നപരിഹാരം , ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അഹമ്മദ് പട്ടേലിന്റെ പേര് എന്നും ഉയർന്ന് കേട്ടിരുന്നു. സമർത്ഥനും സത്യസന്ധനും വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ എന്ന രാഷ്ട്രീയ നേതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.