ബെനഡിക്ട് പതിനാറാമന്‍ പാപ്പാ: യുവജനങ്ങളുടെ കൂട്ടുകാരന്‍; വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അവരുടെ ഹൃദയങ്ങള്‍ കീഴടക്കി

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ: യുവജനങ്ങളുടെ കൂട്ടുകാരന്‍;  വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അവരുടെ ഹൃദയങ്ങള്‍ കീഴടക്കി

വത്തിക്കാന്‍ സിറ്റി: യുവജനങ്ങളെ ഏറെ സ്‌നേഹിക്കുകയും സഭയോട് ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത വലിയ ഇടയനായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പാ. മനസില്‍ എപ്പോഴും യുവത്വം കാത്തു സൂക്ഷിച്ച അദ്ദേഹം കത്തോലിക്കാ സഭയുടെ ഭാവി വിശുദ്ധരായ യുവജനങ്ങളുടെ കയ്യിലാണെന്ന് വിശ്വസിച്ചിരുന്നു.

അദേഹം മാര്‍പാപ്പയായിരുന്ന കാലത്ത് ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മാധ്യമങ്ങളിലൂടെ യുവജനങ്ങളില്‍ എത്തിച്ചേരുവാന്‍ ശ്രമിച്ചിരുന്നു.

ബെനഡിക്ട് പതിനാറാമന്റെ പല അന്താരാഷ്ട്ര സന്ദര്‍ശനങ്ങളിലും ബ്രസീല്‍, കാമറൂണ്‍, ചെക്ക് റിപ്പബ്ലിക്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ചെറുപ്പക്കാരുമായി പ്രത്യേക മീറ്റിംഗുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹം യുവജനങ്ങളോട് കാണിച്ചിരുന്ന പ്രത്യേക പരിഗണന വ്യക്തമാക്കുന്നു.

യുവാക്കളിലേക്ക് എത്തിച്ചേരാനുള്ള ബെനഡിക്ട് പാപ്പായുടെ ശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലോക യുവജന ദിനത്തിലെ അദേഹത്തിന്റെ സാന്നിധ്യമാണ്. 2005 ല്‍ മാര്‍പാപ്പയായി സ്ഥാനമേറ്റതിന് തൊട്ടു പിന്നാലെ ബെനഡിക്ട് പാപ്പ തന്റെ ആദ്യത്തെ ലോക യുവജന ദിനത്തിനായി ജര്‍മ്മനിയിലെ കൊളോണിലേക്ക് പോയി. അവിടെ വച്ച് 25 ലക്ഷത്തോളം ചെറുപ്പക്കാരെ അഭിസംബോധന ചെയ്തു.

2008 ജൂലെ 15 മുതല്‍ 20 വരെ ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ലോക യുവജന ദിനത്തിന്റെ തീം, ''പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ക്ക് ശക്തി പ്രാപിക്കും. നിങ്ങള്‍ എന്റെ സാക്ഷികളാകും'' എന്നതായിരുന്നു. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രഥമ ഓസ്ട്രേലിയന്‍ പര്യടനമായിരുന്നു അത്.

പതിനാലിന് ഓസ്ട്രേലിയയില്‍ എത്തിയ അദ്ദേഹം പതിനേഴിനാണ് വേള്‍ഡ് യൂത്ത് ഡേ വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ആ ദിവസത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് 'സൂപ്പര്‍ തേസ്ഡേ' എന്നാണ്. കാരണം അവര്‍ക്ക് അത്രമേല്‍ പ്രധാനപ്പെട്ടതായിരുന്നു ആ ദിവസം. സിഡ്‌നിയുടെ റേസ്ട്രാക്കില്‍ ഒത്തുകൂടിയ മൂന്ന് ലക്ഷത്തിലധികം ചെറുപ്പക്കാരെ പാപ്പ അഭിസംബോധന ചെയ്തു.

സ്‌നേഹത്തിന് സാക്ഷ്യം വഹിക്കാന്‍ യുവജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആധുനിക കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന വിശ്വാസ തകര്‍ച്ചയേയും അതിജീവിച്ച് വിശ്വാസം നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദേഹം യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വാക്കിലൂടെ മാത്രമല്ല, പ്രവര്‍ത്തിയിലൂടെയും പാപ്പാ വ്യത്യസ്തനായി. അമേരിക്കയിലും ഓസ്ട്രേലിയയിലും വൈദികരുടെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അദ്ദേഹം ക്ഷമാപണം നടത്തി. ''പീഡനത്തിന് ഇരകളായവരോട് ഞാന്‍ മാപ്പു ചോദിക്കുന്നു. അവരുടെ ഇടയനെന്ന നിലയില്‍ അവരുടെ വേദനയില്‍ ഞാനും പങ്കുചേരുന്നു'' പാപ്പാ വേദനയോടെ പറഞ്ഞു.

യുവജനങ്ങളുടെ ഭാഷയറിയാവുന്ന, അവരുടെ ഹൃദയമിടിപ്പ് മനസിലാക്കിയ വ്യക്തിയായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ. അവരോട് സംവദിക്കാനും നേരില്‍ക്കണ്ട് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും അദേഹം യുവജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.