ഷെയ്ഖ് മുഹമ്മദ് ഭരണസാരഥ്യമേറ്റെടുത്തിട്ട് 17 വ‍ർഷങ്ങള്‍

ഷെയ്ഖ് മുഹമ്മദ് ഭരണസാരഥ്യമേറ്റെടുത്തിട്ട് 17 വ‍ർഷങ്ങള്‍

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തിലെത്തിയിട്ട് 17 വ‍ർഷങ്ങള്‍ പൂർത്തിയായി. കരുത്തോടെ മുന്നില്‍ നിന്നു നയിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ഉളളപ്പോള്‍ ഒന്നും അസാധ്യമായിരുന്നില്ല ദുബായിക്ക്, ഇക്കഴിഞ്ഞ വർഷങ്ങളില്‍. കോവിഡില്‍ ലോകം പകച്ചപ്പോഴും, മുന്‍പെങ്ങുമില്ലാത്ത ആരോഗ്യവെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടിവന്നപ്പോഴും ഒട്ടും പതറിയില്ല ഈ ഭരണാധികാരി. 

സ്വദേശി -വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിനെത്തിക്കാനും കോവിഡിനെതിരെ പോരാടാനും മുന്നില്‍ നിന്നത് ഷെയ്ഖ് മുഹമ്മദ് തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് കോവിഡ് കാലത്തും പിന്നീടിപ്പോഴും വിനോദസഞ്ചാരം, വ്യാപാരം, ബാങ്കിംഗ്, ധനകാര്യം, വ്യോമയാനമുള്‍പ്പടെ ആഗോളതലത്തിലെ പ്രധാനഹബ്ബായി ദുബായ് മാറുന്നതും. കോവിഡ് കാലത്തെത്തിയ എക്സ്പോ 2020 വന്‍ വിജയമായി.

2021 ല്‍ ചൊവ്വാ ദൗത്യം, പിന്നീട് ചന്ദ്രനിലേക്ക് കുതിച്ച റാഷിദ് റോവർ യുഎഇയെ അടയാളപ്പെടുത്തിയ നിമിഷങ്ങള്‍.
സഹോദരൻ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിന്‍റെ വിയോഗത്തെ തുടർന്ന്, 2006 ജനുവരി നാലിനാണ് അദ്ദേഹം ദുബായ് ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നത്. 1968 നവംബർ ഒന്നിനാണ് ഷെയ്ഖ് മുഹമ്മദ് ആദ്യമായി ഔദ്യോഗിക ചുമതലയിലേക്ക് വരുന്നത്.

ദുബായ് പോലീസ് മേധാവിയായിട്ടായിരുന്നു തുടക്കം. 1971 ല്‍ യുഎഇ എന്ന രാജ്യത്തിന്‍റെ പ്രതിരോധമന്ത്രിയായി. 2006 ല്‍ ദുബായുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അതിനുശേഷമിങ്ങോട്ട് ദുബായ് എന്ന നഗരത്തിന്‍റേയും യുഎഇ എന്ന രാജ്യത്തിന്‍റെയും വളർച്ചയില്‍ പതിഞ്ഞു കിടക്കുന്നത് ഷെയ്ഖ് മുഹമ്മദെന്ന ഭരണാധികാരിയുടെ ഒപ്പ്.


2022 ലും നിരവധിപുതിയ സംരംഭങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് തുടക്കമിട്ടു. മുന്‍ വർഷങ്ങളില്‍ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനും 2022 ല്‍ ദുബായ് സാക്ഷ്യം വഹിച്ചു.

സ്വദേശിവല്‍ക്കരണമുള്‍പ്പടെ 2023 ലെ അഞ്ച് മുന്‍ഗണനകള്‍ പ്രഖ്യാപിച്ച് മുന്നോട്ട് നടക്കുമ്പോഴും അദ്ദേഹം പ്രവാസികളെയും ചേർത്ത് പിടിക്കുമെന്നുളളതാണ് അദ്ദേഹത്തിന്‍റെ ഭരണത്തിലുളള വിശ്വാസം. ദു​ബായിലെ ജ​ബ​ൽ അ​ലി​യി​ൽ ഹി​ന്ദു​ക്ഷേ​ത്രം പ​ണി​യാ​ൻ സൗ​ക​ര്യം ചെ​യ്ത​ത്​ മു​ഹ​മ്മ​ദി​ന്‍റെ സ​ഹി​ഷ്ണു​ത​യു​ടെ തെ​ളി​വ്. ​ഗൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥ​ശാ​ല​യെ​ന്ന പകിട്ടോടെ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി അക്ഷരങ്ങളുടെ പുതിയ ലോകം തുറന്നു.

ദുബായ് 2040 അർബന്‍ മാസ്റ്റർ പ്ലാന്‍, അടുത്ത 50 വ‍ർഷത്തേക്കുളള യുഎഇയുടെ വികസന കാഴ്ചപ്പാട്, യുഎഇ ടൂറിസം സ്ട്രാറ്റജി 2031 അങ്ങനെ നിരവധി പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗോള്‍ഡന്‍ വിസയും ഗ്രീന്‍ വിസയും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുമെല്ലാം യുഎഇയിലേക്കുളള പ്രവാസികളുടെ ഒഴുക്കിന് ആക്കം കൂട്ടി.

ഗള്‍ഫെന്നാല്‍ എണ്ണപ്പാടങ്ങളെന്ന സമവാക്യത്തിനപ്പുറത്തേക്ക് യുഎഇയെ കൈപ്പിടിച്ചുയർത്തി ഷെയ്ഖ് മുഹമ്മദെന്ന ഭരണാധികാരി മുന്നോട്ട് നടക്കുകയാണ്..ലോക ഭൂപടത്തില്‍ മികവിലും സുരക്ഷയിലും വളർച്ചയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തി, ഇനിയുമേറെ ദൂരം പോകാനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.