വാഷിങ്ടണ്‍: പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മൂന്ന് തവണ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പ്രതിസന്ധി. ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആദ്യ റൗണ്ട് വോട്ടിങ്ങില്‍ സ്പീക്കറെ തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നത്.
അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നാന്‍സി പെലോസി രാജി വച്ചതിനെതുടര്‍ന്ന് കെവിന്‍ മക്കാര്‍ത്തി പുതിയ സ്പീക്കറാകുന്നതില്‍ വലതുപക്ഷ റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ തന്നെ എതിര്‍പ്പുന്നയിച്ചതാണ് അനിശ്ചിതാവസ്ഥയ്ക്കു കാരണം.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ജനപ്രതിനിധിയായ മക്കാര്‍ത്തിക്ക് വാഷിങ്ടണിലെ ഏറ്റവുമുയര്‍ന്ന നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ കേവല ഭൂരിപക്ഷം ആവശ്യമായിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല.
435 അംഗ സഭയില്‍ 222-ന്റെ നേരിയ ഭൂരിപക്ഷമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉള്ളത്. അതില്‍ മക്കാര്‍ത്തിക്ക് വിജയിക്കാന്‍ 218 വോട്ടുകള്‍ ആവശ്യമാണ്. എന്നാല്‍ ആദ്യ രണ്ട് ബാലറ്റുകളില്‍ 19 റിപ്പബ്ലിക്കന്‍മാര്‍ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തതിനാല്‍ 203 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാം റൗണ്ടില്‍ ഒരു വോട്ട് കൂടി നഷ്ടപ്പെട്ടതോടെ അതു 202 ആയി കുറഞ്ഞു.
57കാരനായ മക്കാര്‍ത്തി സ്പീക്കറാകുന്നതിനെതിരേ തീവ്ര വലതുപക്ഷ പ്രതിനിധികളാണ് എതിര്‍പ്പ് ഉന്നയിച്ചത്. പാര്‍ട്ടി വിമതരെ ഒപ്പം നിര്‍ത്തുന്നതില്‍ മക്കാര്‍ത്തി പരാജയപ്പെട്ടു എന്നാണ് വിലയിരുത്തലുകള്‍.
ഇതിനു മുന്‍പ് കോണ്‍ഗ്രസിന് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാന്‍ ഒരു റൗണ്ടില്‍ കൂടുതല്‍ വോട്ടിങ് വേണ്ടിവന്നത് 100 വര്‍ഷം മുമ്പ്, 1923ലാണ്. 1855ലെ ഒരു സ്പീക്കര്‍ തെരഞ്ഞെടുക്കല്‍ പ്രക്രിയയ്ക്ക് രണ്ട് മാസത്തിനിടെ 133 റൗണ്ട് വോട്ടിങ് വേണ്ടിവന്ന ചരിത്രവുമുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് സഭയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അടുത്ത യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവ് കൂടിയാണ് കെവിന്‍ മക്കാര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.