സുവിശേഷ പ്രഘോഷണത്തിന് നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയ പാപ്പ; ബഹിരാകാശ നിലയത്തിലെ യാത്രികരുമായി സംസാരിച്ച മാര്‍പാപ്പ; അനശ്വരം ആ ദീര്‍ഘവീക്ഷണം

സുവിശേഷ പ്രഘോഷണത്തിന് നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയ പാപ്പ; ബഹിരാകാശ നിലയത്തിലെ യാത്രികരുമായി സംസാരിച്ച മാര്‍പാപ്പ; അനശ്വരം ആ ദീര്‍ഘവീക്ഷണം

വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ പരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുമ്പോഴും ആശയവിനിമയത്തിനായി സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിച്ചിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ധൈര്യത്തോടെയും സര്‍ഗാത്മകതയോടെയും നേരിടുകയും നവ മാധ്യമങ്ങള്‍ സുവിശേഷ പ്രഘോഷണത്തിന് എങ്ങനെ വിനിയോഗിക്കാമെന്നും പാപ്പ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു.

സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രത്യക്ഷപ്പെട്ട ആദ്യ പാപ്പ. ആദ്യമായി ട്വിറ്റര്‍ സന്ദേശം അയച്ച പാപ്പ എന്നിങ്ങനെയുള്ള വിശേഷണങ്ങളും ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കുണ്ട്. 2012 ഡിസംബര്‍ 12ന് @Pontifex എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴി ട്വീറ്റ് അയയ്ക്കുന്ന ആദ്യത്തെ മാര്‍പ്പാപ്പയായി ബെനഡിക്ട് പതിനാറാമന്‍ മാറി.


ബെനഡിക്ട് പാപ്പയുടെ ആദ്യ ട്വീറ്റ്

ലോക ആശയവിനിമയ ദിനങ്ങള്‍ക്കു വേണ്ടിയുള്ള പിതാവിന്റെ എട്ട് സന്ദേശങ്ങളില്‍ അഞ്ചില്‍ കുറയാതെ ഈ ഡിജിറ്റല്‍ ലോകത്തെക്കുറിച്ചായിരുന്നു. സോഷ്യല്‍ മീഡിയ വിപ്ലവത്തിന്റെ വ്യാപ്തി ബെനഡിക്റ്റ് പതിനാറാമന്‍ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അത് ജനവാസത്തിനുള്ള ഒരു പരിസ്ഥിതിയായി ഉപയോഗിക്കാനാവാത്തതിനാല്‍ സോഷ്യല്‍ മീഡിയയെ പാപ്പ 'ഡിജിറ്റല്‍ ഭൂഖണ്ഡം' എന്നു വിളിച്ചു.

ഭൂമിയിലെന്ന പോലെ, ഡിജിറ്റല്‍ ഭൂഖണ്ഡത്തിലും സുവിശേഷവല്‍ക്കരണത്തിനായി വിശ്വാസികളുടെ പ്രതിബദ്ധത ആവശ്യമാണെന്ന് പാപ്പ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. സമൂഹ മാധ്യമങ്ങളെ സത്യത്തിന്റെയും വിശ്വാസത്തിന്റെയും വാതിലുകളാക്കി മാറ്റാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.

ക്രൈസ്തവര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ആയി മാറാതെ ഡിജിറ്റല്‍ സാക്ഷികളാകാനാണ് പാപ്പ ഉദ്‌ബോധിപ്പിച്ചത്.

മാര്‍പ്പാപ്പയെ വിചാരണയ്ക്കും വിമര്‍ശനത്തിനും വിധേയനാക്കുമെന്ന് ഭയന്ന് അന്ന് പലരും ഈ നടപടിയെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സുവിശേഷവല്‍ക്കരണത്തിന്റെ പുതിയ മാര്‍ഗം പിന്തുടരാനുള്ള തന്റെ ധീരമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് ബെനഡിക്റ്റ് പതിനാറാമന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

സുവിശേഷ പ്രഘോഷണത്തില്‍ നിന്ന് തഴയപ്പെട്ടുകിടന്നിരുന്ന ആളുകളിലേക്ക് സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മാര്‍പ്പാപ്പയ്ക്ക് നിരന്തരം പഠിച്ചുകൊണ്ടിരുന്നു.

ട്വിറ്റര്‍ അക്കൗണ്ട് തുറന്ന് ഏതാനും ആഴ്ചകള്‍ക്കുശേഷം, ബെനഡിക്ട് പതിനാറാമന്‍ തന്റെ അധികാരം ഉപേക്ഷിച്ചു. എങ്കിലും @Pontifex ട്വിറ്റര്‍ അക്കൗണ്ട് പിന്നീട് പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വീണ്ടും സജീവമാക്കി. ഇന്ന് ഒന്‍പതു ഭാഷകളിലെ ട്വീറ്റുകളിലൂടെ പ്രതിദിനം 50 ദശലക്ഷത്തിലധികം ഫോളോവേഴ്സില്‍ പാപ്പയുടെ സന്ദേശങ്ങള്‍ എത്തുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികരുമായി സംവാദം നടത്തിയ ആദ്യ മാര്‍പ്പാപ്പയും ബനഡിക്ട് പതിനാറാമനായിരുന്നു. 2011-ല്‍ ദുഃഖവെള്ളിയാഴ്ച ടെലിവിഷനിലൂടെ പിതാവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. ഇങ്ങനെ ഡിജിറ്റല്‍ ആശയവിനിമയത്തിലെ വ്യത്യസ്ത സാധ്യതകള്‍ വിനിയോഗിക്കാനുള്ള അവസരങ്ങള്‍ പാപ്പ കൃത്യമായി വിനിയോഗിച്ചു.



ബെനഡിക്ട് പാപ്പയ്ക്ക് ആറ് ഇ-മെയിലുകളുണ്ട്. എല്ലാം തുടങ്ങുന്നത് ബെനഡിക്ട് എന്ന പേരിലാണ്. ഇതുകൂടാതെ ഐ പാഡ് ഉപയോഗിക്കുന്ന ആദ്യ പാപ്പയും ബെനഡിക്ട് പതിനാറാമനായിരുന്നു.

സ്ഥാനത്യാഗത്തിനു ശേഷം മാര്‍പ്പാപ്പയുടെ ആശയവിനിമയം മറ്റൊരു രൂപമെടുത്തു. നിശബ്ദതയിലൂന്നിയ പ്രാര്‍ത്ഥനയിലൂടെയായിരുന്നു പിന്നീട് പാപ്പയുടെ ലോകത്തോടുള്ള ആശയവിനിമയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.