അപകട സ്ഥലത്ത് കാഴ്ചക്കാരായി നിന്നാല്‍ 1000 ദിര്‍ഹം പിഴ; ഓര്‍മ്മപ്പെടുത്തി അബുദാബി പൊലീസ്

അപകട സ്ഥലത്ത് കാഴ്ചക്കാരായി നിന്നാല്‍ 1000 ദിര്‍ഹം പിഴ; ഓര്‍മ്മപ്പെടുത്തി അബുദാബി പൊലീസ്

അബുദാബി: അപകട സ്ഥലങ്ങളില്‍ കാഴ്ചക്കാരായി നിന്ന് അനാവശ്യ തിരക്ക് കൂട്ടുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന് അബുദാബി പൊലീസ്. രക്ഷാ പ്രവര്‍ത്തകരുടെ ജോലിക്ക് തടസമാകുന്ന തരത്തില്‍ ആളുകള്‍ കൂട്ടം കൂടി നിന്നാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

അപകട സ്ഥലങ്ങളില്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി സിവില്‍ ഡിഫന്‍സും പൊലീസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് അപകട സ്ഥലത്തേക്ക് എത്താന്‍ പൊതുജനങ്ങള്‍ വഴിയൊരുക്കണം. പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടി വരും.

ഈ ഘട്ടത്തില്‍ കാല്‍നടക്കാര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് കൂടി നില്‍ക്കുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടുമെന്നും പ്രസ്താവനയില്‍ പറയുന്നു. അപകട സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസത്തിന് കാരണമാകും. രക്ഷാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ സംഭവ സ്ഥലത്ത് എത്താന്‍ വൈകുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കും. ഇത് ഒഴിവാക്കാന്‍ ജനങ്ങള്‍ സഹകരിക്കണം.

അപകടങ്ങളുണ്ടായ സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. അപകടത്തില്‍ പരിക്കേറ്റവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.