ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; എഎപിയിലെ ഷെല്ലി ഒബ്റോയിക്ക് തന്നെ സാധ്യത

 ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; എഎപിയിലെ ഷെല്ലി ഒബ്റോയിക്ക് തന്നെ സാധ്യത

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ന് മെയര്‍ തെരഞ്ഞെടുപ്പിലേക്ക്. ആംആദ്മി പാര്‍ട്ടിയും ബിജെപിയുമാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയേയോ ബിജെപിയേയോ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഡല്‍ഹി ഘടകം ഐകകണ്‌ഠ്യേന തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ഷെല്ലി ഒബ്‌റോയിയാണ് ആം ആദ്മി മേയര്‍ സ്ഥാനാര്‍ത്ഥി. രേഖ ഗുപ്തയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ഇന്ന് പതിനൊന്നോടെ വോട്ടെടുപ്പ് ആരംഭിക്കും.

ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളേയും ഇന്ന് തെരഞ്ഞെടുക്കും. മൂന്ന് തവണ അധികാരത്തിലിരുന്ന ബിജെപി വീണ്ടും മേയര്‍ സ്ഥാനം നേടുമെന്ന പ്രതീക്ഷയിലാണ്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഫലം വിലയിരുത്താന്‍ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം ബിജെപിക്കും സാധ്യതയുണ്ടെന്നാണ് നേതാക്കള്‍ അവകാശപ്പെട്ടത്.

അട്ടിമറി സാധ്യതകളില്ലെങ്കില്‍ എഎപിക്ക് തന്നെയായിരിക്കും മേയര്‍ സ്ഥാനം. 250 അംഗ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 134 പേരുടെ പിന്തുണ എഎപിക്ക് ഉണ്ട്. ബിജെപിക്ക് 104 കൗണ്‍സിലര്‍മാരാണുളളത്. കോണ്‍ഗ്രസിന് 9 കൗണ്‍സിലര്‍മാരുമുണ്ട്.

ചണ്ഡിഗഡില്‍ മേയര്‍ സ്ഥാനം തങ്ങള്‍ക്ക് തന്നെയെന്നാണ് ബിജെപിയുടെ അവകാശവാദം. 35 വാര്‍ഡുകളിലേക്കുളള ചണ്ഡിഗഡ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകള്‍ നേടി എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍ മേയര്‍ സ്ഥാനം ബിജെപിക്ക് ആണെന്നാണ് വിലയിരുത്തല്‍. കൗണ്‍സിലര്‍മാര്‍ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഡല്‍ഹിയിലെ ഫലമെന്ന് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.