രാമക്ഷേത്രം പൊളിച്ച് മസ്ജിദ് സ്ഥാപിക്കുമെന്ന് അല്‍ ഖ്വയ്ദ; ഭീഷണി ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഗസ്വ ഇ ഹിന്ദി'ലൂടെ

രാമക്ഷേത്രം പൊളിച്ച് മസ്ജിദ് സ്ഥാപിക്കുമെന്ന് അല്‍ ഖ്വയ്ദ; ഭീഷണി  ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഗസ്വ ഇ ഹിന്ദി'ലൂടെ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം പൊളിക്കുമെന്നും പകരം മസ്ജിദ് സ്ഥാപിക്കുമെന്നും ഭീഷണി മുഴക്കി ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. അല്‍ ഖ്വയ്ദയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഗസ്വ ഇ ഹിന്ദി'ന്റെ പുതിയ ലക്കത്തിലാണ് ഈ ഭീഷണിയുള്ളത്.

ഈ ആഴ്ച പ്രസിദ്ധീകരിച്ച 110 പേജുള്ള ഡിജിറ്റല്‍ മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കുറിച്ചും പരാമര്‍ശമുണ്ട്.

ലേഖനങ്ങളിലെ രാമക്ഷേത്രത്തെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ പരിശോധിച്ച ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ ഇത് ഇന്ത്യന്‍ സാഹചര്യങ്ങളുമായി അടുത്ത ബന്ധമുള്ളയാരോ എഴുതിയതാണെന്ന സംശയമാണ് പ്രകടിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജിഹാദിനെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന അല്‍ ഖ്വയ്ദ പ്രസിദ്ധീകരണം ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുന്നത് പോലെ, അത് പൊളിച്ച് മസ്ജിദ് പണിയണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഇസ്ലാമിന്റെ ഭാഗമാകുമെന്നും വിഗ്രഹാരാധന ഇല്ലാതാക്കുന്നതിനെകുറിച്ചുള്ള പദ്ധതികളും അല്‍ ഖ്വയ്ദ ഉയര്‍ത്തുന്നുണ്ട്.

അമേരിക്ക വധിച്ച ഭീകരന്‍ ഒസാമ ബിന്‍ ലാദനാണ് 1988 ല്‍ അല്‍ ഖ്വയ്ദ സ്ഥാപിച്ചത്. ബിന്‍ ലാദന്റെ മരണശേഷം ഭീകര സംഘടനയുടെ കമാന്‍ഡറായി മാറിയ അയ്മന്‍ അല്‍ സവാഹരിയാണ് ഭീകര പ്രസ്ഥാനത്തിന്റെ ശ്രദ്ധ ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചത്. ഇതിനായി ഏഷ്യന്‍ വിഭാഗം രൂപീകരിച്ചിരുന്നു.

എന്നാല്‍ 2019 ല്‍ അഫ്ഗാനിസ്ഥാനിലെ മൂസാഖല പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ഖ്വയ്ദയുടെ ഏഷ്യന്‍ വിഭാഗത്തിന്റെ സ്ഥാപക കമാന്‍ഡറായ അസിം ഉമര്‍ എന്നറിയപ്പെടുന്ന സന ഉല്‍ഹഖ് കൊല്ലപ്പെട്ടു. ഇയാള്‍ ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ നിന്നുള്ളയാളായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.