പക്ഷിപ്പനിക്കെതിരെ മുന്നറിയിപ്പ്: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; ശാരീരിക അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടന്‍ ചികിത്സ തേടണം

പക്ഷിപ്പനിക്കെതിരെ മുന്നറിയിപ്പ്:  ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; ശാരീരിക അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടന്‍ ചികിത്സ തേടണം

തിരുവനന്തപുരം: തിരുവനന്തപുത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ കാണേണ്ടതാണന്നും മന്ത്രി പറഞ്ഞു.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗ ലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കുക.

പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ തദ്ദേശ സ്വയംഭരണ വകുപ്പിനെയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ് ബാധ ഗുരുതരമായ രോഗകാരണമാകാം.

കേരളത്തില്‍ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. അതിനാല്‍ അവയുമായി അടുത്തിടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.