ഹോങ്കോങ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ഹോങ്കോങ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വിചാരണ നേരിടുന്ന ഹോങ്കോങ് കര്‍ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബെനഡിക്ട് പാപ്പായുടെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു കൂടിക്കാഴ്ച്ച. ഹോങ്കോങ്ങിലെ അധികൃതര്‍ അഞ്ചു ദിവസത്തേക്ക് പാസ്‌പോര്‍ട്ട് വിട്ടു നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്. തികച്ചും സ്വകാര്യമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 90 വയസുകാരനായ കര്‍ദിനാള്‍ സെന്നിന് വത്തിക്കാനിലേക്കു പോകാന്‍ പ്രാദേശിക കോടതിയാണ് അനുമതി നല്‍കിയത്.

വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ വസതിയായ സാന്താ മാര്‍ത്ത അതിഥി മന്ദിരത്തില്‍ വച്ചാണ് കര്‍ദിനാള്‍ സെന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. വളരെ ഊഷ്മളമായ കൂടിക്കാഴ്ച എന്നാണ് കര്‍ദിനാള്‍ വിശേഷിപ്പിച്ചത്. ജനുവരി ഏഴിന് റോമില്‍ നിന്ന് തിരിച്ചുപോകുന്നതിനു മുന്‍പ് അദ്ദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലുള്ള ബെനഡിക്ട് പാപ്പായുടെ കല്ലറയിലും സന്ദര്‍ശനം നടത്തി.

'പ്രിയപ്പെട്ട ബെനഡികട് പാപ്പാ, സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് തുടരുക' - ജനുവരി ഏഴിന് രാവിലെ കര്‍ദിനാള്‍ സെന്‍ ട്വിറ്ററില്‍ കുറിച്ചു.

2006-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയാണ് ചൈനീസ് പുരോഹിതനായ സെന്നിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

ഏഷ്യയില്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന മെത്രാന്മാരിലൊരാളാണ് കര്‍ദിനാള്‍ സെന്‍. സര്‍ക്കാര്‍ നിരോധിച്ച ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട് എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് വിദേശശക്തികളുമായി ഒത്തുകളിച്ചു എന്ന ആരോപണത്തിലാണ് കര്‍ദിനാളിന്റെ അറസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.