നിങ്ങള്‍ കാണുന്ന വ്യക്തി രാഹുല്‍ ഗാന്ധിയല്ല; അദേഹത്തെ ഞാന്‍ കൊന്നു': പ്രതിച്ഛായ മാറ്റം സൂചിപ്പിച്ച് രാഹുല്‍

നിങ്ങള്‍ കാണുന്ന വ്യക്തി രാഹുല്‍ ഗാന്ധിയല്ല; അദേഹത്തെ ഞാന്‍ കൊന്നു': പ്രതിച്ഛായ മാറ്റം സൂചിപ്പിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രതിച്ഛായ മാറ്റം സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ മാധ്യമ സംവാദം. ഭാരത് ജോഡോ യാത്രയിലെ പത്താം മാധ്യമ സംവാദത്തിലാണ് രാഹുല്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.

ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ മഹാഭാരതത്തിലെ യുദ്ധഭൂമിയായ ഹരിയാനയിലെ കുരുക്ഷേത്രയിലായിരുന്നു രാഹുല്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. ബി.ജെ.പി.യുടെയും ആര്‍.എസ്.എസിന്റെയും നയങ്ങളെ ഗീതയും പുരാണങ്ങളും ഉദ്ധരിച്ചായിരുന്നു രാഹുല്‍ നേരിട്ടത്. ഒരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഹിന്ദുധര്‍മം പഠിക്കാനും ഉപദേശിച്ചു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി അയോധ്യാക്ഷേത്രം മുന്നില്‍ നിര്‍ത്തിയാവും നേരിടുക എന്നുറപ്പായ പശ്ചാത്തലത്തില്‍ ഹൈന്ദവദര്‍ശനങ്ങളിലൂന്നിയുള്ള പ്രതിരോധം തീര്‍ക്കുന്നതിനായിരുന്നു രാഹുല്‍ മുതിര്‍ന്നത്.

അര്‍ജുനന്‍ മീനിന്റെ കണ്ണുമാത്രം കാണുന്നപോലെ താനിപ്പോള്‍ കര്‍മത്തില്‍മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ രാഹുല്‍ഗാന്ധിയെ കൊന്നു. അദ്ദേഹമിപ്പോളില്ല. നിങ്ങള്‍ ഈ കാണുന്ന വ്യക്തി രാഹുല്‍ഗാന്ധിയല്ല. നിങ്ങള്‍ എന്തു പ്രതിച്ഛായ എന്നെക്കുറിച്ച് സൂക്ഷിക്കുന്നോ, നല്ലതായാലും ചീത്തയായാലും അതു നിങ്ങളുടേത് മാത്രമാണ്- രാഹുല്‍ പറഞ്ഞു.

ഈ രാജ്യം സന്ന്യാസിമാരുടേതാണെന്നും പുരോഹിതരുടേതല്ലെന്നും താങ്കള്‍ സന്ന്യാസിയായോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. എല്ലാവരാലും പൂജിക്കപ്പെടാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹം മാധ്യമങ്ങളെ കാണാത്തത്. ആര്‍.എസ്.എസും ബി.ജെ.പി.യും പറയുന്നത് തങ്ങളെ പൂജിക്കുന്നവരെ മാത്രമേ ബഹുമാനിക്കൂ എന്നാണ്.

ഇത് ആരാധനയും തപസ്യയും തമ്മിലുള്ള യുദ്ധമാണ്. കോണ്‍ഗ്രസിന് എന്തെങ്കിലും ബലഹീനതയുണ്ടെങ്കില്‍ ഈ യാത്രയിലെ തപസ്യയോടെ അതു പരിഹരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര രാജ്യത്തെ ശബ്ദം അടിച്ചമര്‍ത്തുന്നതിനെതിരേയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുംതണുപ്പിലും ടിഷര്‍ട്ടു മാത്രമിട്ട് യാത്ര നയിക്കുന്ന രാഹുല്‍ഗാന്ധിക്ക് ഷര്‍ട്ടിടാതെ പിന്തുണയുമായാണ് ഹരിയാണയിലെ കര്‍ണാലില്‍ ഞായറാഴ്ച ഒരുകൂട്ടം യുവാക്കളെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.