പട്ടാളക്കാരുടെ പേരില്‍ ഓണ്‍ലൈന്‍ വണ്ടിക്കച്ചവട തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘത്തിന്റെ താവളം അതിര്‍ത്തി ഗ്രാമങ്ങള്‍

പട്ടാളക്കാരുടെ പേരില്‍ ഓണ്‍ലൈന്‍ വണ്ടിക്കച്ചവട തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘത്തിന്റെ താവളം അതിര്‍ത്തി ഗ്രാമങ്ങള്‍

തിരുവനന്തപുരം: പട്ടാളക്കാരുടെ പേരില്‍ ഒ.എല്‍.എക്‌സ് പോലുള്ള വെബ്‌സൈറ്റുകളില്‍ വണ്ടിക്കച്ചവട തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പിന് നോതൃത്വം നല്‍കുന്ന ഉത്തരേന്ത്യന്‍ സംഘത്തിന്റെ പ്രധാന താവളം രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളാണ്.
രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ കാമന്‍, മേവാത്ത് എന്നിവിടങ്ങളിലെ ഏതാനും തട്ടിപ്പുകാരെ സൈബര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

മറ്റുള്ളവരുടെ ഫോണ്‍ നമ്പര്‍ ഹാക്ക് ചെയ്‌തോ, അവരുടെ പേരിലെടുത്ത വ്യാജ അക്കൗണ്ടുപയോഗിച്ചോ ആണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങളില്‍ നിന്ന് സേനാ ഉദ്യോഗസ്ഥരുടെ ചിത്രമെടുത്ത് മോര്‍ഫ് ചെയ്യും.

കരസേനാ യൂണിഫോമിലുള്ള ചിത്രം സഹിതമുള്ള തിരിച്ചറിയല്‍ കാര്‍ഡ്, കരസേനാ പാഴ്‌സല്‍ കേന്ദ്രത്തിലെ ചിത്രങ്ങള്‍, പാഴ്‌സല്‍ അയയ്ക്കുന്നതിന് ബുക്ക് ചെയ്യുന്ന ബില്‍ എന്നിവയെല്ലാം വ്യാജമായി ഉണ്ടാക്കിയാണ് കബളിപ്പിക്കുന്നത്. അടിയന്തര സ്ഥലംമാറ്റം കാരണം വിലക്കുറവില്‍ സ്‌കൂട്ടര്‍, ബുള്ളറ്റ്, കാറുകള്‍ എന്നിവ വില്‍ക്കാനുണ്ടെന്നാകും പരസ്യം.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സ്‌കൂട്ടറിന്റെ പരസ്യം കണ്ട് വിളിച്ച പേട്ടയിലെ യുവതിക്ക് കരസേനാ ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍ അയച്ചു കൊടുത്തിരുന്നു. സ്‌കൂട്ടര്‍ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കരസേനാ കേന്ദ്രത്തിലാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ളതിനാല്‍ ആരെയും അകത്തുകയറ്റില്ലെന്നും വിശ്വസിപ്പിച്ചു. ഹിന്ദിയിലായിരുന്നു സംസാരം. സ്‌കൂട്ടര്‍ കരസേനാ പാഴ്‌സലില്‍ അയയ്ക്കാന്‍ 5150 രൂപയും ആവശ്യപ്പെട്ടു. ഇത് അടച്ചാലേ പാഴ്‌സല്‍ സ്റ്റാമ്പ് ചെയ്യൂ എന്നും ഈ തുക വാഹന വിലയില്‍ കുറച്ചു നല്‍കിയാല്‍ മതിയെന്നും വ്യക്തമാക്കി.

അരമണിക്കൂറിനകം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്ന് പേട്ടയില്‍ വാഹനം എത്തിക്കാമെന്നും ഓടിച്ചു നോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചയയ്ക്കാമെന്നും പറഞ്ഞു. തിരിച്ചു നല്‍കിയാല്‍ 150 രൂപ കഴിച്ച് 5000 രൂപ തിരികെ അക്കൗണ്ടിലെത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ പാഴ്‌സലിനുള്ള തുക സ്വന്തമായി നല്‍കാനും വാഹനം ഇഷ്ടപ്പെട്ടാല്‍ മൊത്തം തുകയും നല്‍കാമെന്നും യുവതി പറഞ്ഞു. അതോടെ തട്ടിപ്പുകാരന്‍ ഫോണ്‍വിളി നിറുത്തിപ്പോയി. വാട്‌സാപ്പില്‍ അയച്ച വ്യാജരേഖകളും ഡിലീറ്റ് ചെയ്തു.

ഒ.എല്‍.എക്‌സ് തുടങ്ങിയവയില്‍ നേരത്തെ പരസ്യം നല്‍കിയവര്‍ പോസ്റ്റ് ചെയ്ത രേഖകളും ചിത്രങ്ങളും കൈക്കലാക്കി അതില്‍ വ്യാജവിലാസം കൂട്ടിച്ചേര്‍ത്താണ് തട്ടിപ്പുകാര്‍ വാട്‌സാപ്പില്‍ അയയ്ക്കുന്നത്. ആര്‍.സി നമ്പര്‍ ഉപയോഗിച്ച് തിരഞ്ഞാല്‍ ഇതേ വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ വിശ്വാസ്യത തോന്നും. തട്ടിപ്പില്‍ വീഴുന്നവര്‍ക്ക് അയ്യായിരവും പതിനായിരവും അതില്‍ കൂടുതലുമാണ് നഷ്ടമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.