വഴിയില്‍ നിന്ന് കിട്ടിയ മദ്യം കുടിച്ച യുവാക്കളില്‍ ഒരാള്‍ മരിച്ചു; മദ്യത്തില്‍ കീടനാശിനിയുടെ അംശം

 വഴിയില്‍ നിന്ന് കിട്ടിയ മദ്യം കുടിച്ച യുവാക്കളില്‍ ഒരാള്‍ മരിച്ചു; മദ്യത്തില്‍ കീടനാശിനിയുടെ അംശം

ഇടുക്കി: വഴിയില്‍ കിടന്നു കിട്ടിയ മദ്യം കുടിച്ച് ആശുപത്രിയിലായ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. മദ്യത്തില്‍ കീടനാശിനിയുടെ അംശം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ മരണകാരണം ഇതാണോയെന്ന് വ്യക്തമല്ല.

അപ്സരക്കുന്നില്‍ നിന്നാണ് യുവാക്കള്‍ക്ക് വഴിയില്‍ നിന്ന് മദ്യം ലഭിച്ചത്. കുഞ്ഞുമോനോടൊപ്പം അനില്‍കുമാര്‍, മനോജ് എന്നിവരും മദ്യം കഴിച്ചിരുന്നു. അവശരായതിനെത്തുടന്ന് മൂവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ കുഞ്ഞുമോന്റെ നില ഗുരുതരമായിരുന്നു.

വഴിയില്‍ നിന്ന് മദ്യക്കുപ്പി ലഭിച്ചുവെന്നും അത് കുടിച്ചുവെന്നുമാണ് യുവാക്കള്‍ അടിമാലി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രാവിലെ ഏഴരയോടെ മൂവരും കൂടി ഒരുമിച്ച് പോകുമ്പോള്‍ വഴിയില്‍ക്കിടന്ന് ഒരു കുപ്പി മദ്യം കിട്ടിയെന്നും ഇത് കുടിക്കുകയായിരുന്നു എന്നുമാണ് യുവാക്കള്‍ പറുന്നത്. മദ്യം കഴിച്ചതോടെ കുഞ്ഞുമോനും അനില്‍കുമാറിനും ക്ഷീണം അനുഭവപ്പെടുകയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തുകയും ഇവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ആയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കീടനാശിനി കലര്‍ത്തിയ മദ്യം യുവാക്കളെ അപായപ്പെടുത്താന്‍ മനപൂര്‍വം ആരെങ്കിലും കൊണ്ടിട്ടതാണോ എന്നും സംശയമുണ്ട്. എന്നാല്‍ ഒരുവിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.