തിരുവനന്തപുരം: സ്മാർട്ട് മെഷീൻ വാടകക്ക് പിന്നാലെ വീടുകളിലെത്തി ബില്ലിങ് നടത്തുമ്പോൾ ഉണ്ടാകുന്ന അമിത ചിലവിന്റെ ഭാരവും ഉപഭോക്താവിന്റെ ചുമലിൽ നൽകുന്ന പുതിയ ബില്ലിങ് രീതിക്ക് തുടക്കമിട്ട് കെഎസ്ഇബി. ന്യൂജൻ സ്വകാര്യ ബാങ്കിന്റെ ബില്ലിങ് മെഷീന് വാടക നൽകേണ്ട തുക ഉപഭോക്താവിന്റെ ബില്ലിനൊപ്പം ചേർന്ന് വരുന്നതോടെ വൈദ്യുതി ഉപയോഗ നിരക്കിന് പിന്നാലെ 100 രൂപക്കൂടി വാടക ഇനത്തിൽ ഈടാക്കപ്പെടും. ദിവസേന പിരിക്കുന്ന ബിൽത്തുക യെസ് ബാങ്കിലേക്ക് മാറ്റാനുള്ള തീരുമാനതെ തുടർന്നാണിത്.
ദേശീയ ബാങ്കായ എസ്ബിഐയുടെ കെഎസ്ഇബി അക്കൗണ്ടിലാണ് ഇതുവരെ ബിൽ തുക വന്നിരുന്നത്. പുതിയ കരാർ പ്രകാരം ദിവസേന പിരിക്കുന്ന 36 കോടിയോളം രൂപ ഇനി യെസ് ബാങ്കിലേക്ക് നേരിട്ടെത്തും. ഒരു ദിവസത്തിന് ശേഷമേ ഈ പണം കെഎസ്ഇബിയുടെ അകൗണ്ടിൽ എത്തുകയുള്ളു.
ബില്ലിംഗിനുള്ള ഫിനാൻസ് സോഫ്റ്റ് വെയർ എയ്സ് വെയർ ഫിൻടെക് എന്ന സ്ഥാപനത്തിൽ നിന്ന് കെഎസ്ഇബി വിലകൊടുത്ത് വാങ്ങും. യെസ് ബാങ്കിന്റെ ബില്ലിംഗ് മെഷീനിൽ ഇത് ഇൻസ്റ്റാൾ ചെയ്യും. യെസ് ബാങ്കിന്റെ മെഷീനിൽ നിന്ന് ബില്ലിന്റെ പ്രിന്റെടുത്ത് നൽകുമ്പോൾ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചോ യുപിഐ വഴിയോ അപ്പോൾത്തന്നെ പണമടയ്ക്കാം. പിന്നീട് അടച്ചാലും പണം യെസ് ബാങ്ക് അക്കൗണ്ടിലേക്കാകും എത്തുക.
മെഷീനൊന്നിന് മാസം 90രൂപ വാടകയും ജിഎസ്ടിയും യെസ്ബാങ്കിന് നൽകണം. കെഎസ്ഇബിക്ക് പ്രത്യേകിച്ച് ആനുകൂല്യം ബാങ്ക് നൽകില്ല. ഈ വാടക ഉപഭോക്താവിൽ നിന്ന് ഈടാക്കും. പരീക്ഷാടിസ്ഥാനത്തിൽ നടപ്പാക്കാൻ 200 മെഷീനുകൾ കെഎസ്ഇബി വാങ്ങിക്കഴിഞ്ഞു.
ആറു മാസത്തേക്ക് തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലും പിന്നീട് സംസ്ഥാനം മുഴുവനും പുതിയ സംവിധാനം നടപ്പാക്കും. മുൻപ് കിഫ്ബിയുടെ ഫണ്ട് കൈകാര്യം ചെയ്യാൻ യെസ് ബാങ്കിന് അനുമതി നൽകിയത് വിവാദമാവുകയും തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും സാമ്പത്തിക ഇടപാടുകൾ ദേശസാൽകൃത ബാങ്കുകൾ വഴി നടത്തണമെന്നാണ് നിബന്ധന. കെഎസ്ഇബിയുടെ ബിൽ സമാഹാരണം നേരിട്ട് നടത്തണമെന്നും വ്യവസ്ഥയിരിക്കെയാണ് സ്വകാര്യ ബാങ്കുമായുള്ള ഇടപാടിൽ യൂണിയൻ സംഘടനകൾപോലും മിണ്ടാത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.