ഇടുക്കി: വനത്തിനുള്ളില്‍ ആനക്കൂട്ടത്തിന് മുമ്പില്‍ അകപ്പെട്ട യുവാവ് 40 മണിക്കൂറിന് ശേഷം നാട്ടിലെത്തി. ഉപ്പുതോട് ന്യൂ മൗണ്ട് സ്വദേശി കാരഞ്ചിയില്‍ ജോമോന്‍ ജോസഫിനെയാണ് (34) ഞായറാഴ്ച രാവിലെ ഏഴോടെ മലയിഞ്ചിയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സുഹൃത്ത് വെള്ളക്കല്ലുങ്കല്‍ അനീഷ് ദാസിനൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ ആനക്കൊമ്പന്‍ പാറക്കെട്ട് കയറാന്‍ ജോമോന്‍ കാട്ടിലേക്ക് പോയത്.
കാട്ടില്‍ ആനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി തങ്ങള്‍ ഇരുവരും പാറയില്‍നിന്ന് തിരിച്ചിറങ്ങിയപ്പോള്‍ രണ്ടുവഴിക്കായി. ആനക്കൂട്ടത്തിന് മുന്നിലാണ് താന്‍ ചെന്നുപെട്ടതെന്ന് ജോമോന്‍ പറയുന്നു.
കുറച്ചുദൂരം ആനകള്‍ എന്റെ പിന്നാലെയെത്തി. പ്രാണരക്ഷാര്‍ഥം ഓടിയെത്തിയത് മലയിഞ്ചിയിലേക്ക് ഒഴുകുന്ന പുഴയുടെ കരയിലാണ്. ഇതിനിടെ, ഫോണ്‍ സ്വിച്ച്ഓഫ് ആയതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. പുഴയുടെ ഒഴുക്കിന്റെ ഗതി നോക്കിയാണ് മലയിഞ്ചിയിലേക്ക് കാട്ടിലൂടെ നടന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി മരത്തിന് മുകളില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. പുലര്‍ച്ച അഞ്ചിന് താഴെയിറങ്ങി നടപ്പ് തുടര്‍ന്നു. പുഴയിലെ വെള്ളം കുടിച്ചാണ് വിശപ്പടക്കിയതെന്നും ജോമോന്‍ പറഞ്ഞു.
ജോമോനെ കാണാതായതായി തിരിച്ചെത്തിയ അനീഷ് ദാസ് നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചിരുന്നു. ഇടുക്കി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തണുപ്പും വിശപ്പും ഭയവുംമൂലം ക്ഷീണിച്ച് അവശനായ ജോമോന്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മലയിഞ്ചി പള്ളിക്ക് സമീപമെത്തിയത്.
ഇവിടെ ഒരു കടയില്‍ കയറി ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന്, ഇടുക്കിയില്‍നിന്ന് പൊലീസെത്തി ഇടുക്കി സ്റ്റേഷനില്‍ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തി. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പറഞ്ഞയച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.