സഭയുടെ ഭൂമിയിടപാട് കേസ്: പരാതിക്കാരന്‍ 'ഫോറം ഷോപ്പിങ്' നടത്തിയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയില്‍

സഭയുടെ ഭൂമിയിടപാട് കേസ്: പരാതിക്കാരന്‍ 'ഫോറം ഷോപ്പിങ്' നടത്തിയെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയില്‍

സഭയ്ക്കുള്ളില്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടന്നു. വരുമാനം വീതം വയ്ക്കുന്നതിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും മാര്‍ ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവെച്ചു. ഇതാണ് പരാതിക്ക് കാരണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരനായ ജോഷി വര്‍ഗീസ് 'അനുകൂല കോടതി'യെ സമീപിച്ച് വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയില്‍. മാര്‍ ആലഞ്ചേരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയാണ് ഈ ആരോപണം ഉന്നയിച്ചത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ മരട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആദ്യം ഫയല്‍ ചെയ്ത കേസ് തള്ളിയിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചു വെച്ചാണ് പരാതിക്കാരന്‍ പിന്നീട് കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ആറ് പുതിയ കേസുകള്‍ ഫയല്‍ ചെയ്തതെന്ന് കര്‍ദിനാളിനു വേണ്ടി ഹാജരായ അഡ്വ. സിദ്ധാര്‍ഥ് ലൂതറ കോടതിയില്‍ ആരോപിച്ചു. അനുകൂല കോടതിയെ സമീപിച്ച് വിധി സമ്പാദിക്കല്‍ (ഫോറം ഷോപ്പിങ്) ആയിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്നും ലൂതറ ആരോപിച്ചു.

സഭയ്ക്കുള്ളില്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടന്നു. വരുമാനം വീതം വെക്കുന്നതിലും സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും മാര്‍ ആലഞ്ചേരി നിലപാട് എടുത്തു. ഇത് പലരുടെയും ശത്രുതയ്ക്ക് വഴിവെച്ചു. ഇതാണ് പരാതിക്ക് കാരണമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണ് കോടതിക്ക് മുന്നിലുള്ളത്. ബുധനാഴ്ച എതിര്‍ കക്ഷികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം നടക്കും.

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമ പ്രകാരവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷവുമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതിനിടെ പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് കാനോന്‍ നിയമ പ്രകാരം അധികാരമുണ്ടെന്ന് സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശേരി രൂപതയും സുപ്രീം കോടതിയില്‍ വാദിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ബുധനാഴ്ചയും കോടതിയില്‍ വാദം തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.