ഖജനാവില്‍ പണമില്ല: നികുതികള്‍ കൂട്ടുന്നു; ഭൂമിയുടെ ന്യായവിലയും പുതുക്കും

ഖജനാവില്‍ പണമില്ല: നികുതികള്‍ കൂട്ടുന്നു; ഭൂമിയുടെ ന്യായവിലയും പുതുക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറാൻ നികുതികൾ കൂട്ടാനൊരുങ്ങി സർക്കാർ. 12 വർഷത്തെ ഇടവേളയ്ക്കുശേഷം ഭൂമിയുടെ ന്യായവില പുനർനിർണയിക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വിവരം. ന്യായവിലയ്ക്കനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്കരണവും പരിഗണനയിലുണ്ട്. ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നേക്കും.  

2010 ലാണ് ഇതിന് മുൻപ് ന്യായവില പുനർനിർണയിച്ചത്. അതിനുശേഷം പലഘട്ടങ്ങളിലായി ഒരേ നിരക്കിൽ വർധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. ന്യായവില പുനർനിർണയിക്കാൻ കഴിഞ്ഞവർഷം ആവശ്യമുയർന്നപ്പോൾ പരിശോധിക്കാൻ പ്രത്യേകസമിതി രൂപവത്കരിച്ചു. 

2022 ജൂൺ 23-ന് ലാൻഡ് റവന്യൂ കമ്മിഷണർ ചെയർമാനായി രൂപവത്കരിച്ച സമിതിക്ക് ന്യായവില പുനർനിർണയിക്കാനുള്ള അനുമതിയും നൽകി. സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയാവും ബജറ്റ് പ്രഖ്യാപനം. 

എന്നാൽ ഭൂമിയുടെ ന്യായവില പുനർനിർണയം എങ്ങനെയാവുമെന്നതിനെ ആശ്രയിച്ചാവും സ്റ്റാമ്പ് ഡ്യൂട്ടി പരിഷ്‌കാരം. ന്യായവിലയുടെ വർധനയനുസരിച്ച് ഡ്യൂട്ടി കുറയുകയോ കൂടുകയോ ആവാം. ഉന്നതസമിതിയുടെ റിപ്പോർട്ടനുസരിച്ചുമാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ. 

പദ്ധതിവിഹിതം കാര്യമായി വർധിപ്പിക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പിനടക്കം സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകളാവും ബജറ്റിന്റെ ഉള്ളടക്കം. വിവിധ നികുതികൾ കൂട്ടി സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.