ആരോഗ്യം ആഡംബരമല്ല; രോഗികളെ സഹായിക്കാത്ത ഒരു ലോകം നിന്ദ്യവും ഭാവിയില്ലാത്തതുമാണ്: ഫ്രാൻസിസ് മാർപാപ്പ

ആരോഗ്യം ആഡംബരമല്ല; രോഗികളെ സഹായിക്കാത്ത ഒരു ലോകം നിന്ദ്യവും ഭാവിയില്ലാത്തതുമാണ്: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: രോഗികളെ ഉപേക്ഷിക്കുന്ന, ചികിത്സ ചിലവ് താങ്ങാൻ കഴിയാത്തവരെ സഹായിക്കാത്ത ഒരു ലോകം നിന്ദ്യവും ഭാവിയില്ലാത്തതുമാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റാലിയൻ നാഷണൽ ഫെഡറേഷൻ ഓഫ് റേഡിയോഗ്രാഫേഴ്‌സ്, ടെക്‌നിക്കൽ മെഡിക്കൽ റീഹാബിലിറ്റേഷൻ ആൻഡ് പ്രിവൻഷൻ പ്രൊഫഷൻസ് എന്നിവയുടെ പ്രതിനിധി സംഘത്തെ വത്തിക്കാനിൽ അഭിസംബോധന ചെയ്യവെയായിരുന്നു പാപ്പയുടെ ഓർമ്മപ്പെടുത്തൽ.

ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ പ്രശംസിച്ച മാർപ്പാപ്പ മാന്യമായ ആരോഗ്യപരിരക്ഷയിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു.

കോവിഡ്-19 മഹാമാരിയുടെ സമയത്തെ സമർപ്പണം

ആരോഗ്യ സംരക്ഷണ സാങ്കേതിക വിദഗ്ധരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും കൂടിക്കാഴ്ചയ്ക്കിടെ മാർപ്പാപ്പ നന്ദി പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്ത് അവരുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ മൂന്ന് വർഷമായി നിരവധി രോഗികളെ ചികിത്സിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും സാധിക്കില്ലായിരുന്നുവെന്നും പാപ്പ അഭിപ്രായപ്പെട്ടു.

പരിപാലനത്തിന്റെ സംസ്ക്കാരവും മാലിന്യ സംസ്ക്കാരവും

ഫെബ്രുവരി 11 ന് ആചരിക്കുന്ന ലോക രോഗീദിനത്തിന് മുന്നോടിയായി, ഈ ദിനം ആചരിക്കുന്നത് എല്ലാവർക്കും ഒരു വിചിന്തനത്തിന് അവസരമൊരുക്കുന്നുവെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

“ഈ കാലഘട്ടത്തിൽ ലോക രോഗീദിനാചരണം ഉചിതവും തീർച്ചയായും കൂടുതൽ പ്രാധാന്യം അർഹിക്കുന്നതുമാണ്. കാരണം പലപ്പോഴും കാര്യക്ഷമതയുള്ളവരുടെയും മാലിന്യത്തിന്റെയും സംസ്കാരം ഈ അവസ്ഥകളെ നിഷേധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു" പാപ്പ വിശദീകരിച്ചു.

നാം പിന്തുടരേണ്ട നല്ല സമരിയാക്കാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പരിചരണത്തിന്റെ സംസ്കാരം എങ്ങനെ വിപരീതമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പെടുത്തുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയെ നിരാകരിക്കുകയും പകരം നല്ല അയൽക്കാരായി പ്രവർത്തിക്കുകയുമാണ് നാം ചെയ്യേണ്ടത്.

പൊതുനന്മയ്ക്കായി, വീണുപോയവരെ ഉയർത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യണം. അപ്രകാരം മറ്റുള്ളവരുടെ ദുർബലതയെ തിരിച്ചറിയുന്ന സ്ത്രീപുരുഷന്മാർക്ക് എങ്ങനെ ഒരു സമൂഹത്തെ പുനർനിർമ്മിക്കാൻ സാധിക്കുമെന്ന് നല്ല സമരിയാക്കാരന്റെ ഉപമ നമുക്ക് കാണിച്ചുതരുന്നുവെന്ന് മാർപ്പാപ്പ വ്യക്തമാക്കി.

ആരോഗ്യ സംരക്ഷണത്തിന്റെ മാനുഷിക മാനം ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിക്കാട്ടി. കൂടാതെ മനുഷ്യനെ അവന്റെ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ തലങ്ങളിലും ഒന്നുപോലെ പ്രാധാന്യം നൽകി അവരുടെ ജോലിയുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചതിന് ഇറ്റാലിയൻ ഹെൽത്ത് കെയർ ടെക്‌നോളജിസ്റ്റുകളെ പാപ്പ പ്രശംസിച്ചു.

മാനുഷിക മാനത്തിൽ കേന്ദ്രീകരിക്കുക

“രോഗികൾ ചികിത്സിക്കപ്പെടാനും പരിചരണം നേടാനും ആവശ്യപ്പെടുന്ന ആളുകളാണ്. ഇക്കാരണത്താൽ രോഗികളുമായി മാനവികതയോടും സഹാനുഭൂതിയോടും കൂടി ഇടപെടേണ്ടത് പ്രധാനമാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.

രോഗികൾക്ക് വേണ്ടിയുള്ള സേവനം അംഗീകരിക്കുന്നതിലൂടെയും ആരോഗ്യപ്രവർത്തകർക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം സംരക്ഷിക്കുന്നതിലൂടെയും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതിലൂടെയും രോഗികളെ കൃത്യമായി പരിപാലിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് സാധിക്കുമെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു.

ആരോഗ്യം ഒരു ആഡംബരമല്ല

മുപ്പത്തിയൊന്നാം ലോക രോഗീദിനത്തിനായുള്ള തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തതുപോലെ, അടിസ്ഥാനപരവും മാന്യവുമായ ആരോഗ്യ സംരക്ഷണത്തിനുള്ള എല്ലാവരുടെയും മൗലികാവകാശം ഉറപ്പുനൽകുന്നതിനായി “സാധ്യതകളും വിഭവങ്ങളും” കണ്ടെത്താനായി രാജ്യങ്ങളോടുള്ള തന്റെ ആഹ്വാനം മാർപ്പാപ്പ വീണ്ടും ആവർത്തിച്ചു.

"ആരോഗ്യം ഒരു ആഡംബരമല്ല" പാപ്പ ഊന്നിപ്പറഞ്ഞു.

ഇറ്റാലിയൻ ഹെൽത്ത് കെയർ ടെക്‌നോളജിസ്റ്റുകൾ തങ്ങളുടെ തൊഴിലുകളിൽ "നൈതിക മൂല്യങ്ങളെ ഒഴിച്ചുകൂടാനാകാത്ത ഒരു വിഷയമായി എപ്പോഴും കാണണമെന്ന്" തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

നന്നായി സ്വാംശീകരിക്കുകയും ശാസ്ത്രീയ അറിവും ആവശ്യമായ വൈദഗ്ധ്യവും സംയോജിപ്പിക്കുകയും ചെയ്താൽ ഓരോരുത്തരെയും ഏൽപ്പിച്ചിരിക്കുന്ന ആളുകളെ ഏറ്റവും മികച്ച രീതിയിൽ ശുശ്രൂഷിക്കാൻ ധാർമ്മിക മൂല്യങ്ങൾ അവരെ അനുവദിക്കുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.