44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കില്‍ യുഎഇയില്‍ വാഹനമോടിക്കാം

44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സുണ്ടെങ്കില്‍ യുഎഇയില്‍ വാഹനമോടിക്കാം

അബുദാബി: യുഎഇയില്‍ സന്ദർശകരായി എത്തുന്ന 44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. ദേശീയ ലൈസന്‍സ് ഉപയോഗിച്ച് യുഎഇയില്‍ വാഹനമോടിക്കാവുന്ന രാജ്യങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയമാണ്  പുറത്തുവിട്ടിരിക്കുന്നത്. നിബന്ധനകളോടെയാണ് അനുമതി നല്‍കുക. സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സിന് കാലാവധിയുണ്ടാകണമെന്നുളളതാണ് വ്യവസ്ഥ. രാജ്യത്തേക്കുളള സന്ദർശനം താമസ വിസയ്ക്കുവേണ്ടിയുളളതാകരുതെന്നും വ്യവസ്ഥയുണ്ട്.

അതേസമയം, പട്ടികയിലുള്ള 43 രാജ്യക്കാർക്ക് താമസ വിസയുണ്ടെങ്കിൽ പരിശീലനമോ പരീക്ഷയോ ഇല്ലാതെ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് യുഎഇ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ചൈനീസ് ലൈസൻസുള്ളവർക്ക് യുഎഇയിൽ നേരിട്ടു വണ്ടിയോടിക്കാം .ഇതിനായി പ്രത്യേക അനുമതി തേടണം. ഇന്ത്യ നിലവില്‍ പട്ടികയില്‍ ഇല്ല. വിവിധ രാജ്യക്കാരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്മാർട്സ് സംവിധാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ നൽകി യുഎഇ ലൈസൻസ് ആക്കി മാറ്റാം. ഡെലിവറി കമ്പനികൾ ലൈസൻസ് വീട്ടിലെത്തിക്കും. യുഎഇ തിരിച്ചറിയൽ കാർഡ്, വിദേശ ഡ്രൈവിംഗ് ലൈസൻസിന്‍റെ പരിഭാഷ, ഒറിജിനൽ വിദേശ ലൈസൻസ് എന്നിവയാണ് യുഎഇ ലൈസൻസാക്കി മാറ്റാൻ ആവശ്യമുള്ളത്. 600 ദിർഹമാണ് സേവന നിരക്ക്.

യുഎഇ ലൈസൻസിന് അർഹമായ രാജ്യങ്ങൾ : എസ്തോണിയ , അൽബേനിയ , പോർച്ചുഗൽ , ചൈന , ഹംഗറി , ഗ്രീസ് , യുക്രെയ്ൻ , ബൾഗേറിയ , സ്ലോവാക്യ , സ്ലോവേനിയ , സെർബിയ , സൈപ്രസ് , ലാത്വിയ , ലക്സംബർഗ് , ലിത്വാനിയ , മാൾട്ട , ഐസ്ലൻഡ് , മോണ്ടിനെഗ്രോ , യുഎസ് , ഫ്രാൻസ് , ജപ്പാൻ , ബെൽജിയം , സ്വിറ്റ്സർലൻഡ് , ജർമനി , ഇറ്റലി , സ്വീഡൻ , അയർലൻഡ് , സ്പെയിൻ , നോർവേ , ന്യൂസിലാൻഡ് , റൊമേനിയ , സിംഗപ്പൂർ , ഹോങ്കോങ് , നെതർലാൻഡ് , ഡൻമാർക്ക് , ഓസ്ട്രിയ , ഫിൻലൻഡ് , യുകെ , തുർക്കി , കാനഡ , പോളണ്ട് , ദക്ഷിണാഫ്രിക്ക , ഓസ്ട്രേലിയ , ദക്ഷിണ കൊറിയ .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.