ഹൈദരാബാദ്: ബിആര്‍എസ് മഹാറാലിയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ ബിജെപി ഭീഷണിയാണെന്നായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍. പ്രതിപക്ഷ ഐക്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ഭൂസമരങ്ങള്‍ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്‍ പ്രസംഗം തുടങ്ങിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ അവരുണ്ടായിരുന്നില്ല. സ്വതന്ത്ര മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കാണ് നമ്മുടേത്. കോര്‍പ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നത്. ആളുകളെ മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ രാജ്യത്തിന്റെ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു ടാക്‌സ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു യൂണിഫോം - ഇതെല്ലാം ഫെഡറല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആലോചിക്കുന്നത് പോലുമില്ല.
ഗവര്‍ണറുടെ ഓഫീസ് ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരത്തിന് മേല്‍ കുതിര കയറുകയാണ്. ഇതിനുദാഹരണമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവര്‍ണറുടെ ഇടപെടല്‍. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുന്നത് ജനസമ്മതി നേടിയാണെന്ന് കേന്ദ്രം ഓര്‍മിക്കണം.
നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യയുടെ അടിസ്ഥാനശിലയാണ്. ഹിന്ദിയെ ദേശീയഭാഷയായി ഉയര്‍ത്തിക്കാണിക്കുന്നത് മറ്റ് ഭാഷകളുടെ പ്രാധാന്യം ഇടിക്കുന്നതാണ്. നമ്മുടെ മാതൃഭാഷയും തുല്യപ്രാധാന്യം അര്‍ഹിക്കുന്നതാണ്.
കൊളീജിയത്തിലും കടന്നുകയറുകയാണ് കേന്ദ്രം. കൊളീജിയം നിയമനത്തില്‍ കേന്ദ്രസര്‍ക്കാരിനും പങ്കുണ്ടാകണമെന്നത് ജുഡീഷ്യല്‍ അധികാരങ്ങള്‍ തകര്‍ക്കുന്നത്. ഇന്ത്യയുടെ ഭാവി അപകടത്തിലാണ്. ഗാന്ധിയെ കൊന്നവരാണ് ഇപ്പോള്‍ ഭരണത്തില്‍. ഹിന്ദുത്വയും ഹിന്ദുയിസവും ഒന്നല്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ വിറ്റഴിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളവും ഇവിടത്തെ ജനങ്ങളും തെലങ്കാന മുഖ്യമന്ത്രി കെസിആറിനൊപ്പമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്‌കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിലും അദ്ദേഹത്തെ പ്രശംസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.