തിരുവനന്തപുരം: മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയ സർക്കാരിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാളം സർവ്വകലാശാലയിലേക്കും കുസാറ്റ്, എം.ജി വാഴ്സിറ്റികളിലേക്കും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്തിനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.
മലയാളം സർവ്വകലാശാലയിലെ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ കത്ത് തള്ളിയ ശേഷമാണ് മൂന്ന് ഇടങ്ങളിലും തന്റെതായ നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുന്നത്. മൂന്ന് കമ്മിറ്റികളിലേക്കും യു.ജി.സി പ്രതിനിധിയെ അടിയന്തരമായി അനുവദിപ്പിച്ചു. ചാൻസലറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റികളിൽ സെനറ്റിന്റെ പ്രതിനിധിയെ പിന്നീട് ഉൾപ്പെടുത്തും.
കർണാടക കേന്ദ്ര സർവകലാശാല വിസി പ്രൊഫ. ബട്ടുസത്യനാരായണ (മലയാളം), മിസോറാം യൂണി. മുൻ വിസി പ്രൊഫ. കെ.ആർ.എസ്. സാംബശിവ റാവു (എം.ജി), ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് വി.സി പ്രൊഫ. ഇ.സുരേഷ് കുമാർ ( കുസാറ്റ് ) എന്നിവരാണ് യു.ജി.സി പ്രതിനിധികൾ.
നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കലാശാലകളിലെ അദ്ധ്യാപകനിയമനത്തിന് സിൻഡിക്കേറ്റിന്റെ അനുമതിയോടെ വൈസ്ചാൻസലറാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. വിസി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ലെന്നാണ് നിയമം.
മലയാളം വിസി ഡോ.അനിൽ വള്ളത്തോൾ ഫെബ്രുവരിയിലും കുസാറ്റ് വിസി കെ.എൻ. മധുസൂദനൻ ഏപ്രിലിലും എംജി വിസി പ്രൊഫ.സാബുതോമസ് മേയിലും കാലാവധി പൂർത്തിയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.