കാലിഫോര്‍ണിയ കൂട്ടവെടിവയ്പ്പ്; 72 കാരനായ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍; ലൂസിയാനയിലും കോളജ് വിദ്യാര്‍ഥികളുടെ പാര്‍ട്ടിക്കിടെ വെടിവയ്പ്പ്

കാലിഫോര്‍ണിയ കൂട്ടവെടിവയ്പ്പ്; 72 കാരനായ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍; ലൂസിയാനയിലും കോളജ് വിദ്യാര്‍ഥികളുടെ പാര്‍ട്ടിക്കിടെ വെടിവയ്പ്പ്

വാഷിങ്ടണ്‍: അമേരിക്കയില്‍ ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ 10 പേരെ വെടിവെച്ചു കൊന്ന പ്രതി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്. പോലീസ് പരിശോധനയ്ക്കിടെ വാനിനുള്ളില്‍ വെച്ച് പ്രതി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവയ്പ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച വെളുത്ത നിറമുള്ള വാന്‍ പോലീസ് തടഞ്ഞപ്പോള്‍ അക്രമി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

അതിനിടെ അമേരിക്കയില്‍ തന്നെ മറ്റൊരു സ്ഥലത്ത് നടന്ന സമാനമായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ലൂസിയാനയിലെ ബാറ്റണ്‍ റൂജില്‍ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പിനെ തുടര്‍ന്ന് ആരും മരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കോളജ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടി നടക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവയ്പ്പ് നടന്നത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.

കാലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ കൂട്ട വെടിവയ്പ്പുകളില്‍ ഒന്നാണ് ശനിയാഴ്ച്ചയുണ്ടായത്. ലോസ് ഏഞ്ചല്‍സിനടുത്ത് മോണ്ടേറി പാര്‍ക്കില്‍ ഗാര്‍വി അവന്യൂവിലെ ബാള്‍ റൂം ഡാന്‍സ് സ്റ്റുഡിയോയിലാണ് വെടിവയ്പ്പ് നടന്നത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിക്ക് വെടിവയ്പ്പ് ഉണ്ടാകുമ്പോള്‍ പ്രദേശത്ത് പതിനായിരത്തിലധികം ആളുകള്‍ തടിച്ചുകൂടിയ സാഹചര്യമുണ്ടായിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ പത്തു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഷ്യന്‍ വംശജനായ ഹുയു കാന്‍ ട്രാന്‍ എന്ന 72 കാരനാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തിനു പിന്നിലെ കാരണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രാനിന്റെ മാനസിക നിലയുടെ ചരിത്രവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിക്കുകയാണ്. പ്രതി വെടിവയ്പ്പിന് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളും ഒരു കൈത്തോക്കും പോലീസ് കണ്ടെടുത്തു. നിരവധി പേരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി സംഭവ സ്ഥലത്തെത്തിയത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സ്ത്രീകളും അഞ്ച് പേര്‍ പുരുഷന്മാരുമാണ്. മരിച്ചവരുടെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാര്‍ക്ക്. ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍ നിന്ന് ഏഴു മൈല്‍ അകലെയാണിത്. രണ്ടു ദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.

വെടിവയ്പിനെ കുറിച്ചുള്ള അന്വേഷണത്തിന് ഫെഡറല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മോണ്ടേറി പാര്‍ക്കില്‍ ഏകദേശം 60,000 പേരാണ് താമസിക്കുന്നത്. അവരില്‍ 65 ശതമാനം ഏഷ്യക്കാരാണ്. സംഭവം ഇവരില്‍ വലിയ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.