കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി: വീടിന് മുകളിലെ താല്‍കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി നികുതിയില്ല

കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതി: വീടിന് മുകളിലെ താല്‍കാലിക മേല്‍ക്കൂരകള്‍ക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകള്‍ക്ക് മുകളില്‍ താല്‍കാലിക ഷീറ്റോ ഓടോ മേഞ്ഞ മേല്‍ക്കൂരകള്‍ക്ക് ഇനി മുതല്‍ നികുതി ചുമത്തില്ല. മൂന്ന് നില വരെയുള്ള വീടുകള്‍ക്കാണ് പൂര്‍ണ ഇളവ് അനുവദിച്ചിരിക്കുന്നത്. മഴക്കാലത്തെ ചോര്‍ച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നത് പോലുള്ള ആവശ്യങ്ങള്‍ക്കും ഇത്തരം നിര്‍മാണം വ്യാപകമായതോടെയാണ് ഇളവ് അനുവദിച്ച് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

ടെറസില്‍ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4 മീറ്ററില്‍ കൂടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഷീറ്റിടാന്‍ പ്രത്യേക അനുമതിയോ ഫീസോ ആവശ്യമില്ല. നിലവില്‍ ടെറസിന് മുകളിലെ 1.2 മീറ്റര്‍ വരെ പൊക്കത്തിലുള്ള മേല്‍ക്കൂരകള്‍ക്ക് അനുമതി തേടുകയോ നികുതി നല്‍കുകയോ വേണ്ട.

കെട്ടിട നിര്‍മാണച്ചട്ടങ്ങളില്‍ ഇത്തരം നിര്‍മാണം ഇതുവരെ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഷീറ്റിടുന്നത് പ്രത്യേക നിര്‍മാണമായിക്കണ്ട് പല തദ്ദേശ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ പെര്‍മിറ്റ് ഫീസും നികുതിയും ഈടാക്കുന്നുണ്ട്. ഇതാണ് ചട്ട ഭേദഗതിയിലൂടെ സര്‍ക്കാര്‍ മാറ്റുന്നത്.

കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ:

1. അപേക്ഷിച്ചാല്‍ ഉടന്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ് കിട്ടുന്ന വിഭാഗത്തില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തി. നിലവില്‍ പരമാവധി 300 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള രണ്ട് നിലവരെയുള്ള ഏഴ് മീറ്റര്‍ ഉയരമുള്ള വീടുകളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഇവയുടെ ഏഴ് മീറ്റര്‍ എന്ന ഉയരപരിധി ഒഴിവാക്കി. കെട്ടിട ഉടമ നല്‍കുന്ന സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റ്.

2. വാണിജ്യ വിഭാഗം കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റിന്റെ വിസ്തീര്‍ണം 100 ചതുരശ്ര മീറ്ററില്‍ നിന്ന് 250 ആക്കി.

3. ജി-ഒന്ന് വിഭാഗത്തില്‍ 200 ചതുരശ്ര മീറ്റര്‍വരെ വിസ്തൃതിയുള്ളതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെള്ള, പച്ച കാറ്റഗറികളിലുള്ള വ്യവസായ ആവശ്യത്തിനുള്ളതുമായ എല്ലാ കെട്ടിടങ്ങള്‍ക്കും അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് നല്‍കാനുള്ള ചട്ടങ്ങളും ഇളവ് ചെയ്തു.

പെര്‍മിറ്റുകള്‍ നല്‍കാനെടുത്ത സമയം

* 30 സെക്കന്‍ഡിനുള്ളില്‍ (സെല്‍ഫ് സര്‍ട്ടിഫൈഡ്) - 81,212

* 24 മണിക്കൂറില്‍ അനുവദിച്ച മറ്റ് കെട്ടിട നിര്‍മാണ അനുമതി (സാധാരണ പെര്‍മിറ്റ്)- 31,827

* 48 മണിക്കൂറില്‍ (സാധാരണ പെര്‍മിറ്റ്)-5012


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.